bus

മുണ്ടക്കയം : മുണ്ടക്കയം- എരുമേലി റോഡിൽ യാത്ര ചെയ്യുന്നവർ ഭയക്കേണ്ടത് പുലിക്കുന്ന് പാലം ജംഗ്ഷനിൽ എത്തുമ്പോഴാണ്. ഇവിടെയാണ് റോഡ് അപകടങ്ങളുടെ കേന്ദ്രം. ഒന്നും രണ്ടുമല്ല,​ നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. റോഡിന് വീതി കുറവും കൊടും വളവുകളും കുത്തിറക്കവുമെല്ലാം കാരണങ്ങളാണ്.

പാലം ജംഗ്ഷന് ഇരുവശവും കുത്തിറക്കവും കൊടുംവളവുമാണ്. കുത്തിറക്കമിറങ്ങി വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും അപകടങ്ങൾ ഉണ്ടാവുന്നു. റോഡിലെ വശങ്ങളിൽ നിൽക്കുന്ന മിക്ക മരങ്ങളും റോഡിലേക്ക് ചാഞ്ഞാണ് നിൽപ്പ്. ഇതുമൂലം ബസുകളുടെ മുകൾ ഭാഗം മരത്തിൽ ഉരസുന്നതും പതിവാണ്. പാലം ജംഗ്ഷനിൽ വിദ്യാർത്ഥികളും നാട്ടുകാരുമടക്കം നിരവധി പേരാണ് ബസിനായി കാത്തുനിൽക്കുന്നത്. വാഹനങ്ങൾ നിയന്ത്രണം വിട്ടു വന്നാൽ വലിയ അപകടങ്ങൾ ആകും ഉണ്ടാവുക. തുടർച്ചയായ അപകടമൊഴിവാക്കാൻ എന്തെങ്കിലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. പ്രദേശവാസികളും, ഓട്ടോ ഡ്രൈവർമാരും പരാതിയും നൽകിയിരുന്നു. പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലും, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും മാസങ്ങൾക്കു മുന്നേ മേഖല സന്ദർശിച്ചിരുന്നു. എന്നാൽ നാളുകൾ പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അപകട ഭീഷണിയായ വളവ് നിവർത്തുകയും, സൈഡിലെ മരങ്ങൾ വെട്ടി മാറ്റുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.