3

ചങ്ങനാശേരി : പറാൽ കുമരങ്കരി റോഡ് തകർന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങൾ തള്ളുവാനുള്ള കുപ്പത്തൊട്ടിയായി റോഡ് മാറി.
റോഡിൽ പലയിടങ്ങളിലും ടാറിംഗ് വിണ്ടുകീറിയ നിലയിലാണ്. പല ഭാഗങ്ങളിലും വലിയ ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ മറിയുന്നത് പതിവ് കാഴ്ചയാണ്.

ഭാരവാഹനങ്ങൾ തുടർച്ചയായി സഞ്ചരിക്കുന്നതോടെ ചില ഭാഗങ്ങളിൽ റോഡ് താഴ്ന്നു പോയിട്ടുണ്ട്. ദൂരെ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് റോഡിലെ ഈ കെണി മനസിലാകില്ല. റോഡിലെ നിരപ്പ് വ്യത്യാസമുള്ള ഭാഗത്ത് എത്തുമ്പോൾ ചെറുവാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുന്നു. ഇതിനോടകം ഒട്ടേറെ ആളുകൾക്ക് ഗുരുതര പരിക്കുകൾ സംഭവിച്ചു. താരതമ്യേന വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടതോടെ ഇരു വശത്തു നിന്ന് വാഹനങ്ങൾ എത്തിയാൽ കടന്നു പോകാൻ പ്രയാസം. കൃഷി ആവശ്യങ്ങൾക്കായി വാഹനങ്ങൾ എത്തിക്കാനും പ്രയാസമെന്നു കർഷകർ.

പ്രതിഷേധവുമായി ജനങ്ങൾ

റോഡ് നന്നാക്കാത്തതിനെതിരേയും മാലിന്യ നിക്ഷേപത്തിനെതിരെയും ഇന്നലെ പറാൽ കുമരങ്കരി നിവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പറാൽ ക്ഷേത്രം ജംഗ്ഷനിൽ നിന്നാരംഭിച്ച ജാഥയിൽ നിരവധി പേർ പങ്കെടുത്തത്.
അഞ്ചുവിളക്കിന്റെ മുന്നിൽ ചേർന്ന സമാപന സമ്മേളനത്തിൽ ഫാ.സ്‌കറിയാ പറപ്പള്ളി, ബിനീഷ് ശാന്തികൾ, സക്കീർ ഹുസൈൻ മൗലവി, ദിലീപ് വാസവൻ, സാബു പാലക്കളം, ഷിജോ കളപ്പുര, അഡ്വ. പവിയാനോസ്, പി.ആർ വേദവ്യാസൻ, ടോമിച്ചൻ തൈപ്പറമ്പിൽ, മണിവാസൻ തോപ്പിൽ, ജോഷി കുമരങ്കരി, കെ.കെ പടിഞ്ഞാറേപ്പുറം എന്നിവർ സംസാരിച്ചു.