fish

കോട്ടയം: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് മത്തി, അയില എന്നിവയുടെ ലഭ്യത കുറഞ്ഞതിനൊപ്പം ഇവയുടെ വലിപ്പവും കുറഞ്ഞതായി പഠനറിപ്പോർട്ട്. സാധാരണ മൺസൂൺ കാലത്ത് മത്തി, അയില എന്നിവ സുലഭമാണ്. എന്നാൽ കടലിലെ ചൂട് കുറയാത്തത് കേരളാതീരത്ത് ഇവയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. മത്തിക്ക് ജീവിക്കാൻ പറ്റുന്ന ചൂട് 26-27 ഡിഗ്രി സെൽഷ്യസ് വരെയാണ്. കാലവർഷം ആരംഭിച്ചിട്ടും കടലിലെ ചൂട് കുറയാതെ 28-30 ഡിഗ്രി സെഷൽ്യസ് വരെയാണ്. ഇത് ഇടയ്ക്ക് 32 വരെയെത്തും. തീരക്കടലിൽ മുട്ടയിട്ട ശേഷം മത്തിയും അയിലയും ആഴക്കടലിലേക്കും ചൂടു കുറഞ്ഞ തമിഴ്നാട്, കർണാടക തീരങ്ങളിലേക്ക് പായുകയാണ്. കേരളതീരത്ത് മുട്ടവിരിഞ്ഞുണ്ടാകുന്ന മത്തികുഞ്ഞുങ്ങൾക്ക് ആഹാരം ലഭിക്കാത്തതാണ് വലിപ്പം കുറയാൻ കാരണം. തമിഴ്നാട്ടിലെ വളം നിർമാണ ഫാക്ടറിയിലേക്കായിരുന്നു നിസാര വിലക്ക് ചെറിയ മത്തി കയറ്റി അയച്ചിരുന്നത്. ഡിമാൻഡ് കൂടിയതോടെ വളം ഫാക്ടറിയിലേക്ക് കയറ്റിയയ്ക്കുന്നില്ല. വിപണയിൽ വില 300 രൂപയിലേക്ക് ഉയർന്നു.

വലിപ്പം കുറഞ്ഞു, ഡിമാൻഡ് കൂടി

സാധാരണ മത്തിക്ക് 10 സെന്റീമീറ്ററും അയിലയ്ക്ക് 15 സെന്റീമീറ്ററുമാണ് സാധാരണ വലിപ്പം. എന്നാൽ ഏഴും എട്ടും സെന്റീമീറ്റർ വലിപ്പമുള്ള മത്തിയാണ് ട്രോളിംഗ് നിരോധനത്തിനു ശേഷം ചെറുവള്ളങ്ങൾക്ക് ലഭിക്കുന്നത്.

2023ൽ ലഭിച്ചത്: 1.38 ലക്ഷം ടൺ

2012ൽ 8.32 ലക്ഷം ടൺ മത്സ്യം കേരളത്തിലെ കടലുകളിൽ നിന്നു ലഭിച്ചതിൽ 3.92 ലക്ഷം ടൺ ആയിരുന്നു മത്തി. 2023ൽ 1.38 ലക്ഷം ടണ്ണായി കുറഞ്ഞു.

കുറയാൻ കാരണം

മത്തിയുടെ ലഭ്യതക്കുറവിന് പ്രധാന കാരണം എൽനിനോ ലാനിനാ പ്രതിഭാസമാണെന്നാണ് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിൽ കണ്ടെത്തിയത്.