
മഴ കനക്കുന്നു, ഒപ്പം രോഗസാധ്യതയും
കോട്ടയം: ഇത് പെരുമഴക്കാലമാണ്. ഇതോടെ ജില്ല പനിക്കിടക്കയിലുമായി. ജില്ലയിൽ പനിബാധിതരുടെ എണ്ണം ദിനപ്രതി വർദ്ധിക്കുകയാണ്. ഇതോടെ സർക്കാർ,സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവുമേറി. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 68 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. ഇതിനിടെ 7 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ജില്ലയിലെ വെച്ചൂർ, കുറിച്ചി, നെടുംകുന്നം, തൃക്കൊടിത്താനം, കടുത്തുരുത്തി, തിരുവാർപ്പ്, കാഞ്ഞിരപ്പള്ളി, എരുമേലി, നീണ്ടൂർ തുടങ്ങിയ ഇടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വെള്ളാവൂർ മേഖലയിൽ ജപ്പാൻജ്വരവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വർഷത്തിനിടെ 4 പേർ ഡെങ്കിപ്പനി ബാധിച്ചും ആറ് പേർ എലിപ്പനി ബാധിച്ചും മരിച്ചതായി ആരോഗ്യവിഭാഗത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ശ്രദ്ധവേണം, സ്വയംചികിത്സ അരുത്
പനിബാധിതർ നിർബന്ധമായും ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. സ്വയംചികിത്സ പാടില്ല. ഇത് ആരോഗ്യസ്ഥിതി ഗുരുതരമാക്കും. രോഗം ബാധിച്ചവരും പനി മാറിയവരും പൂർണമായും വിശ്രമിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴങ്ങൾ എന്നിവ കഴിക്കുന്നത് ക്ഷീണം അകലാൻ ഉപകരിക്കും. ഡോക്ടറുടെ നിർദേശത്തോടെ മാത്രമേ മരുന്നുകൾ കഴിക്കാവൂ.
പനി ബാധിതർ
ഇന്നലെ: 297
ഒരാഴ്ച്ചയ്ക്കിടെ: 2035
ഒരുമാസം: 5619
ഒരു വർഷം: 48989
ഡെങ്കിപ്പനി
ഇന്നലെ: 5
ഒരാഴ്ച്ചയ്ക്കിടെ: 18
ഒരുമാസം: 50
ഒരു വർഷം: 192
എലിപ്പനി
ഒരാഴ്ച്ചയ്ക്കിടെ:1
ഒരുമാസം: 6
ഒരു വർഷം: 40