
കോട്ടയം: ഓടയിൽ വീണ മൊബൈൽ ഫോൺ എടുത്തു നൽകി പാമ്പാടി അഗ്നിശമനസേനായൂണിറ്റ്. ഇലകൊടിഞ്ഞി സ്വദേശി പൗലോസിന്റെ ഫോൺ ആണ് ഓടയിൽ വീണത്. പാമ്പാടി ഗവൺമെന്റ് ആശുപത്രിയിൽ രോഗിയെ കണ്ടതിനുശേഷം ബൈക്കിൽ വരികയായിരുന്നു പൗലോസ്. ആശുപത്രി കവാടത്തിന് മുമ്പിലുള്ള ഓടയുടെ മുകളിലുള്ള ഗ്രില്ലിൽ വാഹനം തെന്നി പോക്കറ്റിലുണ്ടായിരുന്ന ഫോൺ ഓടയിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് ഫോൺ എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പാമ്പാടി അഗ്നിശമനസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് സേനായൂണിറ്റ് സ്ഥലത്തെത്തി. ഗ്രില്ലിനോട് ചേർന്നുള്ള സ്ലാബ് ഇളക്കിമാറ്റി മൊബൈൽ തിരികെ എടുത്തു നൽകി.