
ചെളിനിറഞ്ഞ് തിരുനക്കര ബസ് സ്റ്റാൻഡ്
കോട്ടയം : ഉഴുത് മറിച്ചിട്ട പാടത്ത് ഇതിലും വൃത്തിയുണ്ട് !. യാത്രക്കാർ പരിഹസിച്ചിട്ടും തിരുനക്കര ബസ് സ്റ്റാൻഡിന്റെ കാര്യത്തിൽ നഗരസഭാ അധികൃതർക്ക് കുലുക്കമില്ല. കനത്തമഴയിൽ ചെളിനിറഞ്ഞ സ്റ്റാൻഡിൽ കുടയും ചൂടി ഇനി എത്രനാൾ യാത്രക്കാർ ബസ് കാത്തുനിൽക്കണം. ചോദിച്ച് ചോദിച്ച് യാത്രക്കാർ മണ്ടൻമാരായത് മിച്ചം. തിരുനക്കര ബസ് സ്റ്റാൻഡിന്റെ കാര്യത്തിൽ കോട്ടയം നഗരസഭ പറഞ്ഞതൊന്നും നടപ്പായില്ല. സ്റ്റാൻഡിൽ താത്കാലിക കാത്തിരിപ്പ് കേന്ദ്രം ഒരുക്കാത്തതാണ് സ്ഥിതി ഇത്ര ദയനീയമാക്കിയത്. നഗരസഭ പലവട്ടം പറഞ്ഞു. എന്നിട്ട് എന്തായി!. മഴയെത്തിയതോടെ സ്റ്റാൻഡ് കുളം പരുവമായി. യാത്രക്കാർക്ക് ചെളിയിൽ ചവിട്ടാതെ നിർവാഹമില്ല. ചെളി ദേഹത്തേക്ക് തെറിച്ചാൽ സ്റ്റാൻഡ് കുളമായപോലെ യാത്രയും കുളമാകും.
തീരുമാനിച്ചു, പക്ഷേ വൈകും
രണ്ടാഴ്ച മുമ്പാണ് ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ ഇടപെടലിനെ തുടർന്ന് സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങിയത്. കൗൺസിൽ യോഗത്തിൽ താത്കാലിക കാത്തിരിപ്പ് കേന്ദ്രമൊരുക്കാനും തീരുമാനമായി. എന്നാൽ ടെൻഡർ നടപടി പൂർത്തിയാക്കാൻ കാലത്താമസമെടുക്കുന്നത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. രാവിലെയും വൈകിട്ടും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ തിരുനക്കര ബസ് സ്റ്റാൻഡിനെയാണ് ആശ്രയിക്കുന്നത്. സ്റ്റാൻഡിന് സമീപത്ത് വ്യാപാരസ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ മഴയിൽ കയറിനിൽക്കാനും ഇടമില്ല.
സ്റ്റാൻഡിൽ താത്കാലിക കാത്തിരിപ്പുകേന്ദ്രം വേഗത്തിലൊരുക്കണം. ദുരിതം സഹിച്ച് എത്രകാലം സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കണം.
(യാത്രക്കാർ)