kadathu

വൈക്കം: കടത്ത് കാത്തുനിന്ന് മടുത്തു. ഞങ്ങൾക്കും വേണം പാലം. പതി​റ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ തുരുത്തുമ്മ നിവാസികൾ ഇതാ പാലത്തിനായി തെരുവിലിറങ്ങുന്നു.
രണ്ട് പഞ്ചായത്തിലെ മൂവായിരത്തിലധികം കുടുംബങ്ങളാണ് പാലമില്ലാതെ ദുരിതമനുഭവിക്കുന്നത്. ചെമ്പ് പഞ്ചായത്തിന്റെ ചെറു ചങ്ങാടത്തിലെ യാത്ര നാടിന് എന്നും ആശങ്കയാണ്. കയ്യെത്തും ദൂരെ എവിടെയോ അപകടം പതിയിരിക്കുന്നുവെന്ന ഭീതിയുണ്ട് നാട്ടുകാർക്ക്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 മണിയോടെ യാത്രക്കാരുമായി ഇവിടെ നിന്ന് മുറിഞ്ഞപുഴയിലേക്ക് രണ്ട് കിലോമീ​റ്ററിലധികം ഒഴുകിപോയിരുന്നു ചങ്ങാടം. യാത്രക്കാരുടെ ജീവന് പുല്ലുവില നൽകിയാണ് പഞ്ചായത്ത് ചങ്ങാട സർവീസ് നടത്തുന്നതെന്നാണ് ആക്ഷേപം. ചെമ്പ് പഞ്ചായത്തിൽ ബ്രഹ്മമംഗലം ഭാഗത്തെ എട്ടാം വാർഡും ചെമ്പ് ഭാഗത്തെ ഏഴാം വാർഡും ബന്ധിപ്പിച്ച് മൂവാ​റ്റുപുഴയാറിന് കുറുകെ നൂറ് മീറ്റർ നീളത്തിൽ പാലം വേണമെന്ന ആവശ്യം ഉയർന്നു തുടങ്ങിയിട്ട് അരനൂ​റ്റാണ്ടിലേറെയായി. പഞ്ചായത്ത് ഓഫീസ് ഒരുകരയിലും ആശുപത്രി, വില്ലേജ് ഓഫീസ് മറുകരയിലുമായതിനാൽ തുരുത്തുമ്മയിലെ മാത്രം എഴുന്നൂറിലധികം കുടുംബങ്ങൾ 20 കിലോമീ​റ്ററോളം യാത്ര ചെയ്ത് വേണം അത്യാവശ്യ കാര്യങ്ങൾക്ക് ഇവിടെയെല്ലാം എത്താൻ. അല്ലെങ്കിൽ കാ​റ്റിലും മഴയിലും പോലും ഈ അപകട കടത്ത് കടക്കേണ്ട സ്ഥിതിയാണ്. പാലം വന്നാൽ തുരുത്തുമ്മയിലെ 10, 11 വാർഡുകൾക്കും മറവന്തുരുത്ത് പഞ്ചായത്തിലെ മൂന്നാം വാർഡിനും മാത്രമല്ല ഏനാദി ബ്രഹ്മമംഗലം നിവാസികൾക്കും പ്രയോജനപ്പെടും. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാലം നിർമ്മാണത്തിന് മണ്ണ് പരിശോധന നടത്തി നാട്ടുകാരെ പ​റ്റിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ നാല് തവണയാണത്രേ പാലത്തിനായി മണ്ണ് പരിശോധന നടത്തിയത്. സഹികെട്ടാണ് നാട്ടുകാർ ചേർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിനിറങ്ങുന്നത്. നാട്ടുകാരുടെ ദുരിതം കണ്ടിട്ടും ചെമ്പ് പഞ്ചായത്ത് യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് ജനകീയ സമിതിയുടെ പരാതി .