road

കൂടപ്പുലം: ശരിക്കും ഇത് റോഡ് തന്നെയാണോ..? രാമപുരം പഞ്ചായത്തിലെ കൂടപ്പുലം വാർഡിലൂടെ കടന്നുപോകുന്നവർക്ക് ഈ സംശയം തോന്നാം. ചൂരത്തടിപ്പാലം കൂഴമല ഇടക്കോലി റോഡിന്റെ അവസ്ഥയാണ് പരമദയനീയം. ഇതുവഴി കാൽനടയാത്ര പോലും ക്ലേശകരമാണെന്ന് പറയുമ്പോൾ വാഹനയാത്രയെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം.

ആകെ റോഡിന് രണ്ടു കിലോമീറ്ററേ ദൂരമുള്ളൂ. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ടാറിംഗ് ഉണ്ടോയെന്ന് പരതി നോക്കണം. ഇരുചക്രവാഹനവുമായി എങ്ങാനും ഇതിലേ വന്നാൽ പെട്ടതുതന്നെ.

ആകെത്തകർന്ന റോഡിൽ അടുത്തിടെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ കാന കീറി. ഇത് പിന്നീട് കോൺക്രീറ്റ് ചെയ്യുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചെങ്കിലും ഒന്നും നടന്നില്ല.

കൂടപ്പുലം സ്‌കൂളിന് സമീപത്തുനിന്ന് റോഡ് ആരംഭിക്കുമ്പോൾ മുതൽ കുണ്ടും കുഴിയുമാണ്. കർത്താനക്കുഴി ഭാഗത്താണ് റോഡ് താറുമാറായി കിടക്കുന്നത്. ഇവിടെ ചെളിവെള്ളവും കെട്ടിക്കിടക്കുന്നു. ഉഴവൂർ ഈസ്റ്റ് പോസ്റ്റോഫീസ്, ഇടക്കോലി സ്‌കൂൾ, പള്ളി, കലാമുകുളം, വള്ളിപ്പടവ്, വലവൂർ റോഡ് എന്നിവിടങ്ങളിലേക്കും കൂടുപ്പുലം ജംഗ്ഷൻ, ആർ.വി.എം. സ്‌കൂൾ, അരീക്കര എസ്.എൻ. യു.പി. സ്‌കൂൾ, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കുമൊക്കെയായി സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപ്പേർ നിത്യേന സഞ്ചരിക്കുന്ന വഴിയാണിത്.

റോഡ് എത്രയുംവേഗം നന്നാക്കണം, കുഴി അടയ്ക്കണം

യാത്രക്കാരെ ആകെ ബുദ്ധിമുട്ടിച്ച് താറുമാറായി കിടക്കുന്ന ചൂരത്തടിപ്പാലം കൂഴമല ഇടക്കോലി റോഡ് എത്രയും വേഗം നന്നാക്കണം. ജൽജീവൻ മിഷൻ പദ്ധതിക്കായി കാന കീറിയത് ഉടൻ കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണം.

ഹരിദാസ്
കർത്താനക്കുഴി, കൂടുപ്പുലം (നാട്ടുകാരൻ)

റോഡിന് ആറ് ലക്ഷം അനുവദിച്ചിട്ടുണ്ട്.

റോഡ് നന്നാക്കാൻ ആറ് ലക്ഷം രൂപ പഞ്ചായത്തിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും മറ്റും വന്നതിനാൽ കരാർ കൊടുക്കാനും മറ്റും കഴിഞ്ഞിട്ടില്ല. മഴ മാറിയാലുടൻ റോഡ് നന്നാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇത് മാത്രമല്ല വാർഡിലെ മറ്റ് റോഡുകൾ തകർന്നതിനും ഫണ്ട് നീക്കി വച്ചിട്ടുണ്ട്.

സുശീല മനോജ്, രാമപുരം പഞ്ചായത്ത് കൂടപ്പുലം വാർഡ് മെമ്പർ.