lll

കുറിഞ്ഞി: പാലാ-തൊടുപുഴ റൂട്ടിൽ കഴിഞ്ഞദിവസം ബസ് മറിഞ്ഞ അതേസ്ഥലത്ത് ഞായറാഴ്ച അർദ്ധരാത്രി വീണ്ടും അപകടം. തൊടുപുഴ ഭാഗത്തേക്ക് പോയ കാർ റോഡുവക്കിലെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ക്രാഷ് ബാരിയർ തകർത്ത് മുന്നോട്ട് നീങ്ങിയ കാർ മരക്കുറ്റിയിൽ തങ്ങിനിന്നതിനാൽ സമീപത്തെ തേക്കുംങ്കൽ ലളിതാംബിക സലിന്റെ വീട്ടുമുറ്റത്തേക്ക് പതിച്ചില്ല. കാർ യാത്രികർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

കുറിഞ്ഞി തെക്കുംങ്കൽ വളവിൽ മുപ്പതടിയോളം താഴെ താമസിക്കുന്ന ലളിതാംബിക സലിന്റെ വീട്ടുമുറ്റത്തേക്ക് അടുത്തിടെ പലതവണയായി അഞ്ച് കാറുകൾ മറിഞ്ഞതും വീടിന്റെ ശൗചാലയം തകർന്നതും കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതുകൊണ്ട് കാര്യമില്ല!

ഇവിടെ റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ട് കാര്യമില്ലെന്നും കൽക്കെട്ടോടുകൂടിയ സംരക്ഷണഭിത്തി തന്നെ നിർമ്മിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. തുടർച്ചയായി തേക്കുംങ്കൽ വളവിൽ അപകടങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് അധികാരികൾ ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിച്ചത്. എന്നാൽ പലതവണ വാഹനങ്ങൾ ഇടിച്ച് വളഞ്ഞ നിലയിലാണ് ക്രാഷ് ബാരിയർ.