
വാഴൂർ : കാഴ്ചയിൽ തന്നെ ഭയം തോന്നും. പിന്നെ കയറിയാൽ പറയണോ... സർവ്വദൈവങ്ങളേയും വിളിച്ചാണ് ഈ യാത്ര. തോടിന് കുറുകെയുള്ള വാഴൂർ മറ്റപ്പള്ളി പാലം നാട്ടുകാരിൽ നിറയ്ക്കുന്നത് ആശങ്കയും ഭീതിയും മാത്രമാണ്. പാലത്തിന്റെ കൈവരികൾ തകർന്നു തോട്ടിലേക്ക് ചാഞ്ഞ് കിടക്കുകയാണ്. കണ്ണൊന്ന് തെറ്റിയാൽ തോട്ടിൽ വീണേക്കാം... എന്നിട്ടും ഭാഗ്യപരീക്ഷണത്തിന് തയ്യാറാവുകയാണ്. എന്നും ഭാഗ്യം തുണയ്ക്കണമെന്നില്ല. ഇനിയും ഒരപകടത്തിന് കാത്തുനിൽക്കരുത് എല്ലാവർക്കും പറയാനുള്ളത് ഇത്രമാത്രം. പതിനേഴാം മൈൽ ചെങ്ങളം റോഡിൽ സ്ഥിതി ചെയ്യുന്ന പാലം പുനനിർമ്മിക്കണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്. അല്ലെങ്കിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അപകടാവസ്ഥ ഒഴിവാക്കിയാൽ മതി. പക്ഷേ, ആര് കേൾക്കാൻ.
അടിത്തറയ്ക്കും ബലക്ഷയം, ഒന്നും സംഭവിക്കരുതേ...
കനത്തമഴയിൽ അടിത്തറയ്ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകുന്ന ഇതുവഴി സ്‌കൂൾ ബസുകളടക്കം കടന്നുപോകുന്നുണ്ട്. സമീപത്തുള്ള പാറമടകളിൽ നിന്ന് വരുന്ന ലോഡ് കയറ്റിയ വലിയ വാഹനങ്ങളും കൂടിയാകുമ്പോൾ രക്ഷിതാക്കളുടെയുള്ളിൽ തീയാണ്. വശത്തേക്ക് ഒന്നൊതുക്കുന്നത് തന്നെ ഡ്രൈവർമാർ പേടിയോടെയാണ്. രാത്രികാലങ്ങളിലെത്തുന്ന ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. കൊച്ചുകുട്ടികളടക്കം പ്രദേശവാസികൾ നടന്നുപോകുന്ന വഴിയുമാണിത്.
റോഡിൽ നിറയെ കുഴികളും
വാഴൂർ , പള്ളിക്കത്തോട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്നത് ഇവിടെയാണ്. ഇറക്കവും വലിയ വളവുമുള്ള ഭാഗത്താണ് പാലം. റോഡും തകർന്ന് നിറയെ കുഴികളായി. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഒതുങ്ങി നിൽക്കാൻ പോലും സാധിക്കുന്നില്ല. ചെളിവെള്ളം കാൽനടായാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവാണ്.
''അപകടസാദ്ധ്യത ചൂണ്ടിക്കാട്ടി നിരവധിത്തവണ അധികാരികളെ സമീപിച്ചതാണ്. അന്വേഷിക്കാൻ പോലും ആരും തയ്യാറായിട്ടില്ല. എത്രയും വേഗം പാലം പുനർനിർമ്മിക്കാനുള്ള നടപടി സ്വീകരിക്കണം.
ജെയ്‌നി മറ്റപ്പള്ളി, ഡി.എസ്.എസ് ജില്ലാ ചെയർമാൻ