വൈക്കം : പക്ഷിപ്പനി സ്ഥിരീകരിച്ച ഉദയാനപുരം പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കി മൃഗസംരക്ഷണ വകുപ്പ് അധികൃതർ.
രോഗം സ്ഥിരീകരിച്ച മുഴുവൻ വളർത്തു പക്ഷികളെയും കൊന്ന് സംസ്‌കരിച്ചു. 16ാം വാർഡ് നേരേകടവ് പ്ലാക്കത്തറ സുഭാഷിന്റെ ഫാമിലെ 800 കോഴികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്. പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. നേരേകടവിൽ രോഗബാധയുണ്ടായ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ് അടക്കമുള്ള 9000 വളർത്തുപക്ഷികളെയാണ് കൊന്നത്. തോരാതെ പെയ്യുന്ന മഴയിൽ പക്ഷികളെ കത്തിക്കാനാവാത്തതിനാൽ ജെ.സി.ബി ഉപയോഗിച്ച് ആഴത്തിൽ വലിയ കുഴികളെടുത്ത് സംസ്‌കരിക്കുകയായിരുന്നു.
ജില്ലാ ഭരണകൂടം നിയോഗിച്ച വിദഗ്ദ്ധ സംഘവും , പഞ്ചായത്ത് നിയോഗിച്ചവരുമാണ് ദൗത്യത്തിൽ പങ്കെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.പി.അനൂപ് കുമാർ, വാർഡ് മെമ്പർമാരായ ടി.പി.രാധാമണി,ശരത്ത് ടി.പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.
പുതുക്കാത്ത നഷ്ടപരിഹാരം
രണ്ട് മാസം പ്രായമുള്ള കോഴിക്കും താറാവിനും 200 രൂപയും, രണ്ട് മാസത്തിൽ താഴെയുള്ളവയ്ക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം. 2014ലെ തീറ്റ,ഇറച്ചി വില അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിർണയിച്ചത്. എന്നാൽ തീറ്റയ്ക്കും പ്രതിരോധവാക്സിനും ഉൾപ്പെടെ ഒരു താറാവിന് 250 രൂപയോളം ചെലവാകാറുണ്ട്. മൂന്നര മാസമാകുമ്പോൾ ഒരു താറാവ് 350 രൂപ മുതൽ 370 രൂപ എന്ന നിരക്കിലാണ് വിൽക്കുന്നത്. ഇത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോഴാണ് സർക്കാർ 200 രൂപ മാത്രം നൽകുന്നത്. പലരും വലിയതുക വായ്പയെടുത്താണ് ഭൂരിഭാഗം കർഷകരും കോഴി, താറാവ് എന്നിവയെ വളർത്തുന്നത്. 
ഉദയനാപുരം പഞ്ചായത്തിൽ കണ്ടെത്തിയ പക്ഷിപ്പനി പൂർണ്ണമായും നിയന്ത്രണ വിധേയമാണ്. ആദ്യഘട്ടത്തിൽ ഉണ്ടായതല്ലാതെ മറ്റൊരു പക്ഷിക്കും നിലവിൽ രോഗബാധ ഉണ്ടായിട്ടില്ല. ശാസ്ത്രീയമായ മുൻകരുതലെന്ന നിലയിലാണ് മേഖലയിലെ വളർത്തുപക്ഷികളെ കൊന്നു സംസ്‌കരിച്ചത്. പഞ്ചായത്തിന്റെ സ്‌ക്വാഡ് നിരന്തരം സമീപ പ്രദേശങ്ങളിലെയും വളർത്തു പക്ഷികളെ നിരീക്ഷിച്ചു വരികയാണ്. ജനങ്ങൾ ജാഗ്രത പുലർത്തണം.'
സി.പി.അനൂപ് കുമാർ, (പഞ്ചായത്ത് വൈസ് പ്രസിഡന്റ്)