കോട്ടയം : ഉത്സാഹം പൊളിക്കാൻ മാത്രമായിരുന്നു. പറഞ്ഞത് ആറുമാസം, ഇപ്പോൾ ഒന്നരവർഷമായി. കോണത്താറ്റ് പാലം നിർമ്മാണം എന്ന് തീരുമെന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല. ദുരിതം സഹിച്ച് കുമരകം നിവാസികൾ യാത്ര തുടരുകയാണ്. മഴ പെയ്തതോടെ അത് ഇരട്ടിയായി. ആറ്റാമംഗലം പള്ളിയുടെ മുൻപിലെ താത്കാലിക ബസ് സ്റ്റാൻഡിൽ വെള്ളവും ചെളിയും നിറഞ്ഞ നിലയിലാണ്. കാൽനടയാത്ര പോലും അസാദ്ധ്യമായി. ഒപ്പം ചെളിയഭിഷേകവും. കുമരകം - ചേർത്തല റൂട്ടിൽ പാലത്തിന്റെ ഇരുവശങ്ങളിലായാണ് ബസുകൾ സർവീസ് നടത്തുന്നത്. യാത്രക്കാർ ഒരു വശത്ത് നിന്ന് കാൽനടയായി മറുവശത്തെത്തണം. ബസ് ചാർജും ഇരട്ടി കൊടുക്കണം. സ്‌കൂൾ, കോളേജ് തുറന്നതോടെ വിദ്യാർത്ഥികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട്. കയറി നിൽക്കാൻ ചന്തക്കവലയിൽ കാത്തിരിപ്പുകേന്ദ്രം പോലുമില്ല. വ്യാപാരസ്ഥാപനങ്ങളാണ് ഏക ആശ്രയം. കിഴക്കുനിന്ന് വരുന്ന വാഹനങ്ങൾ ആശുപത്രി റോഡിലൂടെ അട്ടിപ്പീടിക റോഡിൽ പ്രവേശിച്ച് മെയിൻ റോഡിൽ എത്തുകയും, പടിഞ്ഞാറ് നിന്നുമുള്ള വാഹനങ്ങൾ ഗുരുമന്ദിരം റോഡിലൂടെ മെയിൻ റോഡിലേക്കും പ്രവേശിക്കത്തക്ക വിധമാണ് വൺവെ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

ഗതാഗത നിയന്ത്രണം പാളി

വീതി കുറഞ്ഞ ഗുരുമന്ദിരം റോഡിൽ ഗതാഗതക്കുരുക്ക് പതിവാണ്. കാൽനടയാത്രക്കാരും ഭീതിയോടെയാണ് കടന്നുപോകുന്നത്. നിയന്ത്രണമില്ലാതെ കടന്നു വരുന്ന ഭാരവാഹനങ്ങളും, വൺവേ തെറ്റിച്ചെത്തുന്ന വാഹനങ്ങളുമാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത്. പൊലീസും കാര്യക്ഷമമായി ഇടപെടൽ നടത്തുന്നില്ല.

ഓട്ടോക്കാശ് കൊടുത്ത് ഇവരുടെ കീശ കീറും
കുമരകം, അട്ടിപ്പീടിക, കൊഞ്ചുമട നിവാസികൾക്ക് ആറ്റാമംഗലം പള്ളി ജംഗ്ഷൻ വരെ ഓട്ടോറിക്ഷ മാത്രമാണ് ആശ്രയം. 150 രൂപയാണ് ചാർജ്. കോട്ടയത്തേക്ക് പോകാനാണേൽ ബസ് ചാർജ് വേറെയും. താത്കാലികമായി നിർമ്മിച്ച പാലത്തിലൂടെ നിവാസികൾക്കായി മൂന്ന് മിനി ബസ് സർവീവീസ് ആരംഭിച്ചിരുന്നു. പാലത്തിന് ബലക്ഷയമാണെന്ന് പറഞ്ഞ് സർവീസ് അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് രാവിലെയും വൈകിട്ടും രണ്ട് ബസുകൾ സർവീസ് നടത്തിയിരുന്നതും നിറുത്തലാക്കി.

''കുമരകം നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണണം. ഇത് സംബന്ധിച്ച് ഗതാഗതമന്ത്രി , ജില്ലാ കളക്ടർ, ആർ.ടി.ഒ എന്നിവർക്ക് നിവേദനം നൽകും.

(എൻ.സി.പി ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി).