1-

ചങ്ങനാശേരി : നഗരഭരണസിരാകേന്ദ്രത്തിൽ ഇതാണ് വെള്ളക്കെട്ടെങ്കിൽ പിന്നെ മറ്റിടങ്ങളിലെ കാര്യം പറയണോ... അകത്ത് കയറി കിട്ടണേൽ ജീവനക്കാർക്ക് സകല അഭ്യാസവും പഠിക്കണം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും വല്ലാത്ത ദുരിതം തന്നെ. മഴക്കാല പൂർവ ശുചീകരണമടക്കം താളംതെറ്റിയതാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് ആക്ഷേപം. പ്രധാന സെക്ഷൻ കെട്ടിടത്തിന് സമീപത്തായാണ് സ്ഥിരമായ് വെള്ളക്കെട്ട്. ഓഫീസ് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന വെട്ടിമാറ്റിയ മരങ്ങളും, ഓടകൾ മൂടുന്നതിനായ് നിർമ്മിച്ച സ്ലാബുകളും വെള്ളത്തിന്റെ ഒഴുക്കിന് തടസമാകുകയാണ്. ക്യാന്റീനോട് ചേർന്ന് നിൽക്കുന്ന തണൽ മരത്തിന്റെ ചില്ലകളും ഭീഷണി ഉയർത്തുകയാണ്. മഴ തുടങ്ങിയതോടെ

നഗരത്തിലെ പ്രധാന റോഡുകളിലടക്കം വെള്ളം കയറി. ഓടകളടക്കം നിറഞ്ഞ് കവിഞ്ഞ് മലിനജലം പരന്നൊഴുകി. ഇതോടെയാണ് ശുചീകരണ പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇടയ്ക്ക് മഴ മാറി നിന്നതോടെ തുടങ്ങിവച്ച പ്രവർത്തനങ്ങൾക്ക് നഗരസഭ അവധി നൽകി. കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയിൽ കാക്കാംതോട്, പൂവക്കാട്ട്ചിറ, പി.പി ജോസ് റോഡ് എന്നിവടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

ജനറൽ ആശുപത്രിയിൽ എങ്ങനെ കയറിപ്പറ്റും

ജന.ആശുപത്രിയിലെ ശസ്ത്രക്രിയ ബ്ലോക്ക്, വാർഡുകൾ എന്നിവ സ്ഥിതി ചെയ്യുന്ന 'അമ്മയും കുഞ്ഞും' ബ്ലോക്കിന് മുൻപിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. നൂറുകണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇത് കടന്നുവേണം ഉള്ളിലേക്ക് പ്രവേശിക്കാൻ. വീൽച്ചെയറിലും, സ്‌ട്രെച്ചറിലും രോഗിയുമായി വരുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. റാംപ് സൗകര്യമുണ്ടെങ്കിലും വെള്ളക്കെട്ട് കാരണം ഉപയോഗിക്കാനാകുന്നില്ല. സന്നദ്ധ സംഘടനയുടെ ഭക്ഷണവിതരണം പോലും വെള്ളക്കെട്ടിൽ നിന്ന് നടത്തേണ്ട അവസ്ഥയാണ്.

നിറയെ മാലിന്യം, ഓടകൾ അടഞ്ഞു

നഗരത്തിലെ ഭൂരിഭാഗം ഓടകളിലും മാലിന്യം നിറഞ്ഞ് കിടക്കുന്നതിനാൽ ഒഴുക്ക് നിലച്ച മട്ടാണ്. മാലിന്യ സംസ്‌കരണത്തിന് കൃത്യമായ സംവിധാനം ഏർപ്പെടുത്താൻ പോലും നഗരസഭയ്ക്കായിട്ടില്ല. മലിനജലം റോഡിൽ നിറഞ്ഞതോടെ രൂക്ഷമായ ദുർഗന്ധമാണുയരുന്നത്. ഇതിൽ ചവിട്ടിയാണ് പലരും നടന്ന് പോകുന്നത്. ഇത് പകർച്ചവ്യാധികൾക്കുമിടയാക്കും.

''ഓടകളിൽ കൃത്യമായി നവീകരണം നടത്താത്തതാണ് വെള്ളക്കെട്ട് രൂക്ഷമാക്കുന്നത്. ചെറിയ മഴയിൽ പോലും നഗരം വെള്ളത്തിൽ മുങ്ങുകയാണ്. കാൽനടയാത്ര ദുസ്സഹമായി. പ്രഖ്യാപനങ്ങൾക്കപ്പുറം ശാശ്വത പരിഹാരമാണ് കാണേണ്ടത്.

-രാജഗോപാൽ, ചങ്ങനാശേരി