jose

കോട്ടയം: കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തോമസ് ചാഴികാടൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനം പുറത്തുവന്നതിൽ അതൃപ്തിയറിയിച്ച് ചെയർമാൻ ജോസ് കെ.മാണി. ഇക്കാര്യം ആസൂത്രിതമായി പുറത്തുവിട്ടതാണെന്ന കണക്കു കൂട്ടലിലാണ് പാർട്ടി നേതൃത്വം. ഇതിന് പിന്നിലാരെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ജോസിനെ സമീപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ കനത്ത തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാട് കാരണമാണെന്നായിരുന്നു തോമസ് ചാഴികാടൻ പറഞ്ഞത്. നവകേരളസദസിൽ തനിക്കെതിരായ വിമർശനം തോൽവിക്ക് ആക്കംകൂട്ടിയെന്നും ചാഴികാടൻ യോഗത്തിൽ തുറന്നടിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ മാത്രം പഴിചാരേണ്ടതില്ലെന്ന് പറ‌ഞ്ഞ് ജോസ് വിമർശത്തിന്റെ മുനയൊടിച്ചു. പിറ്റേന്ന് രാവിലെ ആസൂത്രിതമായി വിവരം പുറത്തുവിട്ടെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നിൽ ചാഴികാടനൊപ്പമുള്ളവരാണെന്ന് ഒരു വിഭാഗം അറിയിച്ചെങ്കിലും സത്യാവസ്ഥ കണ്ടെത്തണമെന്ന നിലപാടാണ് ജോസിന്. യോഗത്തിൽ ചാഴികാടന്റെ പ്രസംഗം യുവനേതാവ് റെക്കോർഡ് ചെയ്തിരുന്നെന്നും ജോസിന് വിവരം ലഭിച്ചിട്ടുണ്ട്.

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടു കൊടുക്കുന്നത് ഉൾപ്പെടെ നിർണായക ഘട്ടങ്ങളിൽ ഒപ്പം നിന്ന മുഖ്യമന്ത്രിക്കെതിരായ പരാമർശം പുറത്തുവന്നത് ജോസിന് ക്ഷീണമായി.

തന്റെ നീരസം അടുത്തനേതാക്കളോട് പങ്കുവയ്ക്കുകയും ചെയ്തെന്നാണ് അറിയുന്നത്. അതേസമയം പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തോടെ പാർട്ടിയിൽ അസ്വാരസ്യങ്ങളും ഉയരുന്നുണ്ട്. മുന്നണിയിൽ നിന്ന് മാറി നിൽക്കണമെന്ന അഭിപ്രായം ഉയർന്നെങ്കിലും അത്തരം ചർച്ചകൾ വേണ്ടെന്ന് ജോസ് താക്കീത് നൽകി. ലോക്‌സഭാ സീറ്റ് നഷ്ടപ്പെട്ടാലും രാജ്യസഭയിലേയ്ക്ക് അവസരം ലഭിച്ചത് അംഗീകാരമായാണ് ജോസ് കരുതുന്നത്.