കോട്ടയം : ശക്തമായ മഴയിലും കാറ്റിലും കടയനിക്കാട്,വെള്ളാവൂർ മേഖലകളിൽ വൻമരങ്ങൾ കടപുഴകി വീണു. ഇന്നലെ രാവിലെ ഏഴോടെ കറുകച്ചാൽ - മണിമല റോഡിൽ കടയനിക്കാട് ക്ഷേത്രത്തിന് സമീപം മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പാമ്പാടിയിൽ നിന്ന് ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. ഇതിനിടെ മെഷീൻവാൾ കാലിൽ കൊണ്ട് പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്കഴിഞ്ഞ് വെള്ളാവൂർ മാക്കപതാലിൽ സന്തോഷിന്റെ വീടിന് മുകളിലേക്ക് പന വീണ് കേടുപാട് സംഭവിച്ചു. കങ്ങഴ ഇടയരിക്കപ്പുഴ ഭാഗത്ത് പോസ്റ്റുകൾക്കും ലൈനുകൾക്കും മുകളിലേക്ക് മരം വീണ് വൈദ്യുതിബന്ധം തകരാറിലായി.