11

ചങ്ങനാശേരി: മോർക്കുളങ്ങര ആനന്ദാശ്രമത്തിൽ പ്രവർത്തിക്കുന്ന നഗര ജനകീയ ആരോഗ്യകേന്ദ്രത്തിലേക്കെത്തുന്ന രോഗികൾ മുഖം ചുളിച്ചാണ് ഇപ്പോൾ മടങ്ങുന്നത്. രോഗികൾ ആശ്രയമാകേണ്ട ഇവിടെ ഡോക്ടറില്ല. ഒരു മാസമായി രോഗികൾ ചികിത്സ കിട്ടാതെ മടങ്ങുകയാണ്. നിലവിലുണ്ടായിരുന്ന ഡോക്ടർ രാജിവച്ചതോടെയാണ് ആരോഗ്യകേന്ദ്രം അനാഥമായത്. ജനറൽ ആശുപത്രിയെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചിരുന്ന പ്രദേശവാസികൾക്ക് ആരോഗ്യകേന്ദ്രം വന്നത് ഏറെ ആശ്വാസമായിരുന്നു. വാഴപ്പള്ളി പഞ്ചായത്തിൽ നിന്ന് ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഇവിടെ ചികിത്സയ്ക്കും പരിശോധനകൾക്കുമായി എത്തിയിരുന്നത്. ഉച്ചയ്ക്ക് ഒരു മുതൽ ഏഴ് വരെയായിരുന്നു പരിശോധന സമയം.

പ്രവർത്തനം ആരംഭിച്ചത് ഫെബ്രുവരിയിൽ

ഫെബ്രുവരിയിലാണ് ആരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ഒരു നഴ്‌സും അറ്റൻഡറും, ഹെൽപ്പറും ആരോഗ്യകേന്ദ്രത്തിലുണ്ട്. ജീവിതശൈലി രോഗപരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഡോക്ടർ രാജിവെച്ചതോടെ പകരം സംവിധാനം ഏർപ്പെടുത്താൻ നാഷനൽ ഹെൽത്ത് മിഷന് (എൻ.എച്ച്.എം) സാധിച്ചില്ല. അതേസമയം ജൂലായ് 1 മുതൽ പുതിയ ഡോക്ടർ എത്തുമെന്ന് എൻ.എച്ച്.എം അധിക്യതർ വ്യക്തമാക്കി.


ദിശാബോർഡ് വേണം


ആരോഗ്യകേന്ദ്രം സൂചിപ്പിക്കുന്ന ദിശാ ബോർഡുകൾ റോഡിൽ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നു. മോർക്കുളങ്ങര ആനന്ദാശ്രമം രണ്ടുകുഴിച്ചിറയിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇടവഴികളിലൂടെ കടന്നുവേണം ഇവിടേക്ക് എത്താൻ ദിശാ ബോർഡുകളോ സൂചനാ ബോർഡുകളോ ഇല്ലാത്തതിനാൽ പലരും ഏറെ ബുദ്ധിമുട്ടുന്നതായും പരാതിയുണ്ട്.


സമീപപ്രദേശങ്ങളിൽ നിന്നുൾപ്പെടെ നൂറുകണക്കിനാളുകളുടെ ആശ്രയമാണ് ആരോഗ്യകേന്ദ്രം അടിയന്തരമായി ഡോക്ടറെ നിയമിക്കണം.

ലിസി വർഗീസ്

വാർഡ് കൗൺസിലർ.


നീറ്റ് പരീക്ഷ മൂലമാണ് എൻ.എച്ച്.എമ്മിൽ നിന്നും ആരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടറെ ലഭിക്കാതിരുന്നത്. എൻ.എച്ച്.എമ്മിൽ നിന്നും പുതിയ ഡോക്ടറെ അനുവദിച്ചിട്ടുണ്ട്. ഉടൻ ചുമതലയേൽക്കും.

ബീനാ ജോബി,​നഗരസഭാദ്ധ്യക്ഷ