
കോട്ടയം: മണർകാട് റോഡിൽ നിന്ന് പുതുപ്പള്ളി റോഡിലേക്ക് പ്രവേശിക്കുമ്പോൾ വാഹനങ്ങൾ ആകെയൊന്ന് ഉലയും. പിന്നെ യാത്രക്കാർക്ക് ഒരു അന്താളിപ്പാണ്. കുഴിയിൽ നിന്ന് കുഴിയിലേക്കാവും യാത്ര. വന്നവർ വന്നവർ പറയും... മണർകാട്-പുതുപ്പള്ളി റോഡിൽ കഠിനമീ യാത്രയെന്ന്. മഴ പെയ്‌തൊഴിഞ്ഞതോടെയാണ് റോഡിൽ കൂടുതൽ കുഴികൾ രൂപപ്പെട്ടത്. പല സ്ഥലങ്ങളിലും ടാറില്ലെന്ന് പറയാം. മണർകാട് പിന്നിട്ട് പുതുപ്പള്ളി പമ്പിന് സമീപത്തേക്ക് എത്തുമ്പോൾ റോഡിന്റെ സ്ഥിതി കൂടുതൽ മോശമാകും. പുതുപ്പള്ളി പള്ളി റോഡിലേക്ക് എത്തുമ്പോൾ യാത്രക്കാർ അത്രയേറെ വശംകെട്ടുപോകും.
കുഴികളെണ്ണാം, ഇനി എത്രകാലം?
ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് റോഡിൽ ഉടനീളം ഗർത്തങ്ങളാണ്.റോഡിൽ വെള്ളക്കെട്ടുമുണ്ട്.കുഴികളിൽ ചാടി ഇരുചക്രവാഹനയാത്രികർ നടുതല്ലി വീഴുന്നുമുണ്ട്. രാത്രികാലങ്ങളിലാണ് ഇരട്ടിപ്പണി. ആവശ്യത്തിന് വെട്ടമില്ല. പലരും വാരിക്കുഴിയിൽ വന്നുചാടും. വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്.
കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ റോഡിന്റെ കൂടുതൽ ബാഗങ്ങൾ തകർന്നു
ആ തട്ടിപ്പ് വേണ്ട!
താത്ക്കാലികമായി മണ്ണിട്ട് നികത്തി കുഴികൾ അടയ്ക്കുകയാണ് പലപ്പോഴും പതിവ്. പേരിന് റീടാറിംഗ് നടത്തുന്ന രീതിയും ഇനി വേണ്ടെന്ന് പ്രദേശവാസികൾ പറയുന്നു