panni

കോട്ടയം : കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കും, ആക്രമിക്കാൻ പാഞ്ഞടുക്കും...കാട്ടുപന്നി ശല്യത്തിൽ ജനം പൊറുതിമുട്ടിയിട്ടും വെടിവച്ച് കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്കാകുന്നില്ല. ലൈസൻസുള്ള തോക്കുടമകളുടെ അഭാവമാണ് തടസമാകുന്നത്. ഒന്നര വർഷമായി ജില്ലയിൽ ഒരു കാട്ടുപന്നിയ്ക്ക് നേരെയും വെടിപൊട്ടിയിട്ടില്ല. മലയോര മേഖലയിൽ മാത്രമല്ല, പാമ്പാടി, അയർക്കുന്നം, വാകത്താനം പഞ്ചായത്തുകളിൽ വരെ ഇവയുടെ വിളയാട്ടമാണ്. പന്നികളും കുഞ്ഞുങ്ങളും രാത്രിയിൽ കൂട്ടത്തോടെ ഇറങ്ങുന്നതോടെ വാഹനയാത്രയും പേടിസ്വപ്നമാകുകയാണ്. ഏതാനും നാളുകൾക്ക് മുൻപ് മുണ്ടക്കയം പഞ്ചായത്തിൽ കാട്ടുപന്നി ആക്രമണത്തിൽ രണ്ടുപേർക്കാണ് പരിക്കേറ്റത്. പൊന്തൻപുഴ, കോരുത്തോട് പ്രദേശങ്ങളിലെ വനാതിർത്തികളിൽ മാത്രമായിരുന്നു കാട്ടുപന്നിയെങ്കിൽ ഇപ്പോൾ പറമ്പുകളിലടക്കമുണ്ട്. വെള്ളപ്പൊക്കത്തിൽ തോട്ടിലൂടെയും മറ്റും വ്യാപകമായി ഒഴുകിയെത്തിയ പന്നി പെറ്റുപെരുകി. റബർത്തോട്ടങ്ങളടക്കം താവളമാക്കിയതോടെ ടാപ്പിംഗ് തൊഴിലാളികളടക്കം ഭീതിയിലാണ്.

പൊല്ലാപ്പായി നിബന്ധനകൾ

വെടിവയ്ക്കാൻ അനുമതി ലഭിച്ചാലും കടമ്പകളേറെയാണ്. മുലയൂട്ടുന്ന പന്നികളെ കൊല്ലാൻ പാടില്ല. പന്നി വനത്തിലേക്ക് രക്ഷപ്പെട്ടാൽ പിന്തുടർന്ന് വെടിവയ്ക്കരുത്. വെടിയേറ്റ് ചത്താൽ മാംസം ഭക്ഷണത്തിനായി ഉപയോഗിക്കരുത്, പകരം വനപാലകരെ ബോദ്ധ്യപ്പെടുത്തി മണ്ണെണ്ണ ഉപയോഗിച്ച് ഉപയോഗ ശൂന്യമാക്കിയതിന് ശേഷം കുഴിച്ചുമൂടണം. കാട്ടുമൃഗങ്ങൾ മൂലമുണ്ടാകുന്ന കൃഷി നാശത്തിന് തുച്ഛമായ തുകയാണ് കർഷകർക്ക് ലഭിക്കുന്നത്. ലഭിക്കണമെങ്കിൽ നൂലാമാലകൾ വേറെയും. ഇതുമൂലം പലരും നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാറില്ല.

കർഷകനെ വട്ടംചുറ്റിക്കും
നിരന്തരം കൃഷി നശിപ്പിക്കപ്പെടുമ്പോൾ മാത്രം അപേക്ഷ സമർപ്പിക്കണം

ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫീസ് രേഖകൾ

പാട്ടക്കരാറിൽ കൃഷി ചെയ്യുന്നവർക്കും അപേക്ഷ നൽകാൻ കഴിയില്ല

''ഓണത്തിന്റെ ആവശ്യത്തിനായി നട്ടിരുന്ന ചേമ്പ്, ചേന തുടങ്ങിയവയാണ് കൂടുതൽ നശിപ്പിച്ചത്. തെങ്ങിൻതൈകളും വാഴകളും കുത്തിമറിച്ചിടുകയാണ്''

രാജൻ കെ.കെ, കർഷകൻ മണിമല പഞ്ചായത്ത്