kadv-

കോട്ടയം: ഒറ്റനോട്ടത്തിൽ പച്ചപ്പ് നിറഞ്ഞൊരു മൈതാനം, വാട്ടർ ഹബ്ബിൽ വെള്ളമുണ്ടോയെന്ന് പുല്ല് വകഞ്ഞുമാറ്റി നോക്കണം. നഗരത്തിരക്കിൽ നിന്നും മാറി സായാഹ്നങ്ങളും ഒഴിവുവേളകളും ചെലവഴിക്കാനായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച കോടിമത കച്ചേരിക്കടവ് വാട്ടർഹബ്ബിൽ ജലസസ്യങ്ങളും പുല്ലും വാഴയും തഴച്ചുവളർന്നു. ഒരു വർഷം മുൻപാണ് കനാലിനെ പോള വാരി വൃത്തിയാക്കിയത്. അധികനാൾ പിന്നിടുന്നതിന് മുൻപേ വീണ്ടും പഴയപടിയായി.
കോട്ടയത്തിന്റെ പ്രധാന ബോട്ടുജെട്ടിയായിരുന്നു കച്ചേരിക്കടവ്. പ്രതാപം നഷ്ടപ്പെട്ട കടവ് എട്ടുകോടി രൂപ മുടക്കി വാട്ടർ ഹബ്ബാക്കി മാറ്റി. 2015ൽ നിർമ്മാണം പൂർത്തിയാക്കി അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തെങ്കിലും പിന്നീട് ആരുംതിരിഞ്ഞുനോക്കാതായ ഹബ്ബിൽ മാലിന്യവും പോളയും നിറഞ്ഞു. കച്ചേരിക്കടവ്‌ ബോട്ട് ജെട്ടി മുതൽ പുത്തൻതോട് വരെ നടപ്പാത ഒരുക്കിയിരുന്നു. ഇതും നാശത്തിന്റെ വക്കിലാണ്. വാട്ടർ ഹബ്ബിൽ ഫുഡ്‌കോർട്ട് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

സജ്ജമാക്കിയത്
വാട്ടർ സൈക്കിൾ
ബോട്ട് ടെർമിനലുകൾ
പെഡൽബോട്ടുകൾ
വിളക്ക് കാലുകൾ
ഇരുനിലകളിൽ വാച്ച്ടവർ
ശിക്കാര വള്ളം
ടോയ്‌ലെറ്റ്
ഹോട്ടൽ സ്‌നാക്‌സ് പാർലർ

നിലവിലെ സ്ഥിതി
കുട്ടികളുടെ പാർക്കിലെ ഇരിപ്പിടങ്ങൾ തകർന്നു
നടപ്പാതയിലെ ലൈറ്റുകൾ കത്താറില്ല, കേടുപാടുകൾ
തെരുവ് നായകളുടെ കേന്ദ്രം
സാമൂഹ്യ വിരുദ്ധരുടെ താവളം
മാലിന്യനിക്ഷേപകേന്ദ്രം