
കോട്ടയം : കാലാവസ്ഥ വ്യതിയാനത്തിൽ പൊറുതിമുട്ടുന്ന അപ്പർകുട്ടനാട്ടിലെ നെൽകർഷകർക്ക് പാടശേഖര സംരക്ഷണം കീറാമുട്ടിയാകുന്നു. വെള്ളപ്പൊക്കത്തിൽ മടവീഴ്ച തടയാനുള്ള പെടാപ്പാടിലാണ് പാടശേഖരസമിതികൾ. കായികാദ്ധ്വാനവും പണച്ചെലവും കർഷകരെ ഒരുപോലെ വലയ്ക്കുന്നു. പാടങ്ങളിലേയ്ക്ക് വെള്ളം കുതിച്ചൊഴുകുമ്പോൾ പുറംബണ്ട് സംരക്ഷണവും പമ്പു ചെയ്ത് കളയലുമാണ് പ്രധാന വെല്ലുവിളി. ചെലവാകുന്നത് ലക്ഷങ്ങളും. ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങൾ ഇപ്പോൾ മടവീഴ്ച ഭീഷണിയിലാണ്. പുറംബണ്ട് ബലപ്പെടുത്താൻ രാപ്പകലെന്നില്ലാതെ അദ്ധ്വാനത്തിലാണ് കർഷകർ. അടുത്ത കൃഷിക്കായി വിതച്ച നെൽച്ചെടികൾ വെള്ളത്തിലാണ്. വിത്ത് വിതയ്ക്കുന്നതിന് വെള്ളം വറ്റിച്ച പാടങ്ങളിൽ ഇനി ആദ്യം മുതൽ കൃഷി ഒരുക്കം നടത്തണം.
കൃഷിഭവനിൽ വിത്തില്ല
സബ്സിഡി നിരക്കിൽ വിത്ത് കൃഷി ഭവനിൽ നിന്ന് ലഭിക്കാത്തതിനാൽ ഉയർന്ന വില നൽകി സ്വകാര്യ ഏജൻസികളെ ആശ്രയിക്കണം.
ഗുണനിലവാരവും മോശമാണ്. വൈദ്യുതി തടസം കാരണം വെള്ളം വറ്റിക്കുന്നതും ബുദ്ധമുട്ടിലാണ്. നെല്ല് വിറ്റതിന്റെ പണം മാസങ്ങളായിട്ടും കിട്ടാത്ത സാഹചര്യത്തിൽ അടുത്ത കൃഷി എങ്ങനെ നടത്തുമെന്നതും ആശങ്കയാണ്. നാലുമാസമായി പി.ആർ.എസ് വാങ്ങാൻ ബാങ്കുകൾ തയ്യാറാകുന്നില്ല. പാഡി - സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ നിരന്തരം സമരം നടത്തുന്നത് മാത്രം മിച്ചം. കേന്ദ്ര സർക്കാർ താങ്ങുവില വർദ്ധിപ്പിച്ചെങ്കിലും സംസ്ഥാനം ഇതിന് തയ്യാറാകുന്നില്ല.
''
നെല്ല് സംഭരിച്ചതിന്റെ പണം കിട്ടാതെ വലയുന്ന കർഷകർ അടുത്ത കൃഷി എങ്ങനെ ചെയ്യുമെന്ന് സർക്കാർ പറയട്ടെ. കാലവർഷവും കൃഷി നശിപ്പിച്ചു. നഷ്ടപരിഹാരവുമില്ല. ആത്മഹത്യയുടെ വക്കിലാണ് കർഷകർ.
പൊന്നപ്പൻ (നെൽകർഷകൻ)