
പാലാ : സ്വസ്ഥമായി എങ്ങനെ കിടന്നുറങ്ങും ഞങ്ങൾ. ഏത് നിമിഷവും വീടിന് നേർക്ക് വാഹനങ്ങൾ പാഞ്ഞുവരാം. പത്തുവർഷത്തിനിടെ പത്ത് അപകടങ്ങൾ. കഴിഞ്ഞ ദിവസം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇനിയും വയ്യ. മറ്റൊരിടം തേടാൻ പണവും കൈവശമില്ല. റോഡിന് വീതി കൂട്ടി ഈ ദുരിതത്തിൽ നിന്ന് കരകയറ്റാൻ അധികൃതർ മടിക്കരുത്. കരഞ്ഞ് കലങ്ങിയ കണ്ണോടെ ഓമന ഇത് പറയുമ്പോൾ ഓട്ടോഡ്രൈവറായ ഭർത്താവ് ജോമോന്റെ മുഖത്തും നിസ്സഹയാവസ്ഥ കാണാം. കിടങ്ങൂർ - അയർക്കുന്നം റൂട്ടിലെ കല്ലിട്ടുനട വളവിന് സമീപമുള്ള പോളയ്ക്കൽ വീട്ടിലെ കുടുംബമാണ് വർഷങ്ങളായി അപകടഭീഷണിയിൽ കഴിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30 നാണ് മൂവാറ്റുപുഴ - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ശാലോം ബസ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. എതിരെ വന്ന ടിപ്പറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. വീട്ടുമുറ്റത്തെ ചെറിയ പ്ലാവിൽ ബസ് ഇടിച്ചുനിന്നതിനാൽ രക്ഷപ്പെട്ടു. എന്നാൽ കിണറിന്റെ തൂണുകളും മേൽക്കൂരയിലെ ഷീറ്റുകളും തകർന്നു. ഈ സമയം ജോമോനും ഭാര്യയും മൂന്നുമക്കളും ഭാര്യാമാതാവും വീട്ടിലുണ്ടായിരുന്നു. നിരവധി തുകയാണ് ഇതിനോടകം ഇവർക്ക് വീട് അറ്റകുറ്റപ്പണിക്ക് ചെലവായത്. കല്ലിട്ടുനട കുരിശുപള്ളിയ്ക്ക് എതിർവശത്തെ വളവിനോട് ചേർന്നാണ് വീട്. കാട്ടുപള്ളകൾ റോഡിലേക്ക് പടർന്ന് നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് പരസ്പരം കാണാനാകില്ല.
സ്ഥലമെടുക്കാൻ കുറ്റിയടിച്ച് തടിയൂരി
എതിർവശത്ത് റോഡിന് വീതി കൂട്ടാൻ സ്ഥലമെടുക്കുന്നതിന് അഞ്ച് വർഷം മുമ്പേ കുറ്റിയടിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. സംരക്ഷണ ഭിത്തിയോ, ക്രാഷ് ബാരിയറോ സ്ഥാപിക്കണമെന്നാണ് ജോമോന്റെ ആവശ്യം. ഏഴ് വർഷം മുമ്പ് ടൂറിസ്റ്റ് ബസ് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിന്റെ നടുക്കം കുടുംബത്തെ ഇതുവരെ വിട്ടുമാറിയിട്ടില്ല. വീടിന്റെ മുൻവശവും, മുറ്റത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകർന്നിരുന്നു. വീട്ടിലുണ്ടായിരുന്ന ആർക്കും ഒരു പോറൽ പോലും ഏൽക്കാത്തതായിരുന്നു ആശ്വാസം.