
യുവ നേതാവിന് സ്ഥാനം നഷ്ടമാകും
കോട്ടയം : കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തോമസ് ചാഴികാടന്റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ ആസൂത്രിതമായി പുറത്തുവിട്ടതിൽ ക്ഷുഭിതനായ ജോസ് കെ.മാണി നടപടിക്കൊരുങ്ങുന്നു. രഹസ്യമായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാർത്ത ചോർത്തലിന് യുവനേതാവിനെയും, തമ്മിലടിക്ക് മുതിർന്ന നേതാവിനെയും സ്ഥാനത്ത് നിന്ന് നീക്കിയേക്കും. അതേസമയം കോട്ടയം സീറ്റിലെ തോൽവിയ്ക്ക് പിന്നാലെ രണ്ടാംനിര നേതാക്കൾക്കിടയിലെ തർക്കവും രൂക്ഷമായി. നവകേരള സദസിനിടെ പാലായിൽ തോമസ് ചാഴികാടനെ മുഖ്യമന്ത്രി തിരുത്തിയത് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായെങ്കിലും എതിർ ശബ്ദം ഉയരരുതെന്ന് ജോസിന് നിർബന്ധമുണ്ടായിരുന്നു. സർക്കാരിന്റെ തുടർപരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന വികാരമുണ്ടായിട്ടും ജോസ് ചെവിക്കൊള്ളാതിരുന്നത് മുഖ്യമന്ത്രിയോടുള്ള അടുപ്പം കാരണമാണ്. ഇതിന്റെ പ്രയോജനം രാജ്യസഭാ സീറ്റിന്റെ രൂപത്തിൽ ലഭിച്ചതിന് പിന്നാലെയായിരുന്നു ചാഴികാടന്റെ രൂക്ഷ വിമർശനം. ഇതിലുള്ള അതൃപ്തി ജോസ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് യോഗ വിവരങ്ങൾ ചിലർ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എല്ലാവരും എത്തിച്ചേർന്നത് യുവനേതാവിലേക്കാണ്. അടുത്തിടെ ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ പരസ്പരം പഴിചാരിയുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത് രണ്ടാം നിര നേതാക്കളുടെ തമ്മിലടിയുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ.