
കുമരകം : കുമരകം ബോട്ട്ജെട്ടി പാലത്തിലെ അപകടം കാണാതെ പോവരുത്. പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന തെരുവു വിളക്കിന്റെ ഇരുമ്പ് തൂണും അതോടൊപ്പമുള്ള പരസ്യബോർഡും ഏതു നിമിഷവും റോഡിലേക്ക് നിലംപതിക്കാം. ഇരുമ്പ് തൂണിന്റെ ചുവട് ദ്രവിച്ച നിലയിലാണ്. വാഹനങ്ങൾ പാലത്തിന് മുകളിലെത്തുമ്പാൾ മാത്രമായിരിക്കും ഈ അപകടസാദ്ധ്യത ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുക. പെട്ടെന്ന് വാഹനം വെട്ടിച്ചുമാറ്റി പോകാനേ ഡ്രൈവർമാർക്ക് നിവൃത്തിയുള്ളൂ. ഇത് എതിരേ വരുന്ന വാഹനവും പിന്നാലെ വരുന്ന വാഹനവും അപകടത്തിൽപ്പെടാൻ ഇടയാക്കും. അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അപകടാവസ്ഥ ഒഴിവാക്കാൻ പി.ഡബ്ല്യു.ഡി, പഞ്ചായത്ത് അധികാരികൾ ഇതുവരെ തയാറായിട്ടില്ല. ഇതേപോലെ തെരുവുവിളക്കിനൊപ്പം പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് പലയിടത്തും കാണാനാകും. ബോട്ടുജെട്ടി, കവണാറ്റിൻകര പാലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നവയിലെ വിളക്കുകൾ തെളിയുന്നുമില്ല.
ഇത്തരത്തിലുള്ള തെരുവ് വിളക്കുകൾ പരസ്യകമ്പനികൾ പി.ഡബ്ല്യു.ഡി അനുമതി വാങ്ങി പാലത്തിലും മറ്റും സ്ഥാപിക്കാറാണ് പതിവ്. ഇവ സ്ഥാപിച്ച് കണക്ഷൻ എടുത്ത് വിളക്കുകൾ തെളിച്ച് പോയാൽ പിന്നെ പരസ്യകമ്പനികളോ ഇതേറ്റെടുത്ത കരാറുകാരനോ ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. ഇവയുടെ കറന്റ് ചാർജ് പോലും പരസ്യകമ്പനികൾ അടയ്ക്കാറുമില്ല. ഇതോടെ പല വിളക്കുകളിലും വൈദ്യുതി വിച്ഛേദിച്ച നിലയിലുമാണ്. ഇത്തരം തെരുവുവിളക്കുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താൻ പരസ്യകമ്പനികളോ കരാറുകാരനോ ശ്രദ്ധിക്കേണ്ടതാണ്. അതുണ്ടാകാത്തത് പരിശോധിക്കാൻ പി.ഡബ്ല്യു.ഡി അധികൃതരും ഗ്രാമപഞ്ചായത്ത് അധികാരികളും ബാദ്ധ്യസ്ഥരാണ്.
വിളക്കുകൾ തെളിയാതെ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന പോസ്റ്റുകൾ അടിയന്തിരമായി നീക്കം ചെയ്യണം. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെ അപകട സാദ്ധ്യത ഉണ്ടാക്കിയതിന്റെ പേരിൽ പരസ്യകമ്പനികൾക്കെതിരേയും കരാറുകാർക്കെതിരേയും നടപടി സ്വീകരിക്കണം.
-ജോയ്, നാട്ടുകാരൻ