pine

കോട്ടയം: ചൂടും പിന്നാലെ മഴയും. നല്ല വിലയുണ്ടായിട്ടും കാലാവസ്ഥ വ്യതിയാനം ജില്ലയിലെ കൈത കർഷകർക്ക് തിരിച്ചടിയാവുകയാണ്. കരിഞ്ഞും ചീഞ്ഞും വ്യാപകമായി കൃഷി നശിച്ച സങ്കടമാണ് കർഷകർക്ക്.

കിലോയ്ക്ക് 75 രൂപ വന്നപ്പോഴേയ്ക്കും വിളവ് കൂപ്പുകുത്തി. മലയോരമേഖലയിലെ കൈതച്ചക്കകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടതോടെ വിൽക്കാതെ ഉപേക്ഷിക്കേണ്ട ഗതികേട്. പറിച്ചെടുത്ത ചക്കകൾ ഒന്നിനും കൊള്ളാതെ തോട്ടത്തിന്റെ ഒരറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കിഴക്കൻമേഖലയിൽ ഏക്കർകണക്കിന് കൈതച്ചക്ക കൃഷിയാണ് നശിച്ചത്. ടൺകണക്കിന് പാകമായ പൈനാപ്പിളാണ് പലയിടത്തും കൂട്ടിയിട്ടിരിക്കുന്നതിനാൽ നശിക്കുന്നത്. കനത്തമഴയിൽ കൂടുതൽ കൃഷിനാശമുണ്ടാകുമെന്ന ആശങ്കയാണ് കർഷകർക്ക്. ബാങ്ക് വായ്പയെടുത്താമ് പലരും കൃഷിയിറക്കിയത്. വായ്പ തുക എങ്ങനെ തിരിച്ചടയ്ക്കുമെന്നത് കർഷകരെ ആശങ്കയിലാക്കുന്നു.

കരിഞ്ഞു, ജലാംശം കൂടി

കൈതച്ചക്കയ്ക്കുള്ളിൽ ജലാംശം കൂടിയതും പെട്ടെന്ന് കേടാകുന്നതുമാണ് പ്രശ്നം. ചൂടിൽ വ്യാപകമായി കരിഞ്ഞു. പിടിച്ചുനിന്ന വിളകൾ കനത്തമഴയിൽ വെള്ളംകൂടി ഗുണനിലവാരം ഇല്ലാതായി. ഇതോടെ വിൽക്കാനോ കയറ്റി അയയ്ക്കാനോ കഴിയാത്ത സ്ഥിതി. വരുമാനം പ്രതീക്ഷിച്ച് മറ്റ് കൃഷികളിൽ നിന്നും മാറി കൈതച്ചക്ക കൃഷിയിലേക്ക് തിരിഞ്ഞവരും കണ്ണീരിലായി. വിളവെടുപ്പായപ്പോൾ പഴങ്ങൾക്ക് ഭംഗി മാത്രമേയുള്ളൂ ഗുണമില്ലെന്ന് കൈത നട്ടവർക്ക് വ്യക്തമായി. വിൽക്കാൻ കൊള്ലില്ല എന്ന് മനസിലായതോടെയാണ് പഴങ്ങൾ കൃഷിയിടങ്ങളിൽ തന്നെ ഉപേക്ഷിച്ചതെന്ന് കർഷകർ പറഞ്ഞു.

വലിയ നഷ്ടം

അദ്ധ്വാനവും പണവും

കൂലി, പാട്ടത്തുക, വളം

ഗുണനിവാരം കുറഞ്ഞു

മറ്റ് കൃഷികൾക്കുള്ളതു പോലെ സർക്കാർ സഹായം ലഭിക്കുന്നില്ല. ഒരു ജില്ലയിൽ ഒരു വിള പദ്ധതി പ്രകാരം കൈതയെ തിരഞ്ഞെടുത്തെങ്കിലും അതും എങ്ങുമെത്തിയില്ല. സർക്കാറിന്റെ അടിയന്തര ഇടപെടലുണ്ടാകണം.

ജോസഫ് ജോൺ, കർഷകൻ