ff
ഗാന്ധിജിയുടെ പ്രതിമാനിർമ്മാണത്തിൽ രാജേഷ് കുമാർ

പാലാ: കോട്ടയം ജവഹർ നവോദയ വിദ്യാലയത്തിലേക്ക് കടന്നുചെല്ലുമ്പോൾ സ്വാഗതം ചെയ്യുക ജീവൻതുടക്കുന്ന ഗാന്ധിജി പ്രതിമയാണ്. രണ്ടാഴ്ച മുമ്പ് അനാച്ഛാദനം ചെയ്ത പ്രതിമയുടെ ശില്പി സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനായ രാജേഷ് കുമാറും. ചിത്രകലയിലും ശില്പകലയിലും ഫോട്ടോഗ്രാഫിയിലുമൊക്കെ ശ്രദ്ധേയനായ രാജേഷ് കുമാറിന്റെ നിർമ്മിതിയിലെ ഏറ്റവും വലിയ പൂർണ്ണകായ ശില്പമാണിത്. മൂന്ന് മാസമെടുത്താണ് സിമന്റിൽ പതിനൊന്നടി ഉയരത്തിൽ പ്രതിമ തീർത്തത്. കുട്ടികൾക്കിടയിൽ നൂതന ദൃശ്യ സംസ്‌കാരം വളർത്തിയെടുക്കുക എന്നതും ഇതിന്റെ പിന്നിലുണ്ട്. നിർമ്മാണം വീക്ഷിക്കാനും കുട്ടികൾക്ക് അവസരം നൽകിയിരുന്നു. എറണാകുളം പാർപ്പക്കോട് കളപ്പുരത്തട്ടയിൽ പ്രമുഖ ജ്യോതിഷ പണ്ഡിതനും റിട്ട. അദ്ധ്യാപകനുമായ വിജയമാസ്റ്ററുടെയും രാധയുടെയും മകനാണ് രാജേഷ്കുമാർ. കോട്ടയം തലയോലപ്പറമ്പ് വരിക്കാംകുന്ന് സ്വദേശിനിയായ ശ്രീജയാണ് ഭാര്യ. ആറാം ക്ലാസിൽ പഠിക്കുന്ന ബദരിനാഥും, നാലാം ക്ലാസ്സിൽ പഠിക്കുന്ന അളകനന്ദയുമാണ് മക്കൾ.

ഗോൾഡ് മെഡലിസ്റ്റ്

ലോകപ്രശസ്ത ജലച്ഛായ ചിത്രകാരനായ പി.എസ് പുണിഞ്ചിത്തായയുടെ ശിഷ്യനായ രാജേഷ് കുമാർ മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗോൾഡ് മേഡലോടെയാണ് പെയിന്റിംംഗിൽ ബിരുദം നേടിയത്. ബാംഗ്ലൂർ, മൈസൂർ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കനോറിയ സെന്റർ ഫോർ ആർട്ട് അഹമ്മദാബാദ്, എം എസ് യൂണിവേഴ്‌സിറ്റി ബറോഡാ എന്നിവിടങ്ങളിൽ ചിത്രകലാ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 'അബോഡ് ഓഫ് ഗോഡ്' എന്ന പത്തനംതിട്ട ജില്ലയെക്കുറിച്ചുള്ള ഡോക്യൂമെന്ററി ഏറെ പ്രശംസ നേടിയിരുന്നു.