oruma

ഞീഴൂർ: ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനർക്കായി നിർമ്മിച്ചു നൽകുന്ന സ്‌നേഹഭവനം പദ്ധതിയിലേക്ക് 10 സെന്റ് സ്ഥലം സൗജന്യമായി നൽകി ഞീഴൂർ സ്വദേശി ചെത്തുകുന്നേൽ സി.കെ.ബിനു. ഒരുമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്ഥിരമായി വീക്ഷിക്കുന്ന ബിനു തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി നൽകി വരുന്നു. ഒരുമ നിർമ്മിച്ചിരിക്കുന്ന വീടുകൾ എല്ലാവിധ സൗകര്യങ്ങളോടും ( കറന്റ്, വെള്ളം, വഴി) കൂടിയുള്ളതാണെന്ന് ബിൽഡിംഗ് കോൺട്രാക്ടർ എന്ന നിലയിൽ തനിക്ക് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് സൗജന്യമായി സ്ഥലം നൽകിയതെന്ന് ബിനു പറഞ്ഞു.
2017ൽ പ്രവർത്തനം ആരംഭിച്ച ഒരുമ ഇതിനോടകം 5 വീടുകൾ നിർമ്മിച്ചു നൽകി. ആറാമത്തെ വീട് അച്ഛനോ, അമ്മയോ ബന്ധുമിത്രാദികളോ ആരെന്ന് അറിയാതെ അനാഥാലയങ്ങളിൽ വളർന്ന് വാടക വീട്ടിൽ താമസിക്കുന്ന, തലച്ചോറിൽ വെള്ളം കെട്ടുന്ന അസുഖമുള്ള സഹോദരിയും കിഡ്‌നി രോഗിയായ 14 വയസുള്ള സഹോദരീപുത്രിയുമായി കഴിയുന്ന അനാഥർക്കായ് ഭവന നിർമാണം ആരംഭിക്കുമെന്ന് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ.കെ അറിയിച്ചു.

സ്ഥലം നൽകുന്നതിനുള്ള സമ്മതപത്രം ബിനു സി.കെ, ഒരുമ ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, ജോയ് മയിലംവേലി, ദിലീപ് പ്രണവം, സിൻജാ ഷാജി, ശ്രുതി സന്തോഷ്, രവി എ.കെ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജോസ് പ്രകാശ് കെ.കെ ക്ക് കൈമാറി.