
കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പേർ കൂടി പിടിയിൽ. ആർപ്പൂക്കര പനമ്പാലം കൊപ്രയിൽ ജോൺസി (32), അതിരമ്പുഴ ചന്തക്കുളം ഇഞ്ചിക്കാലയിൽ ഇർഫാൻ (20) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ മാസം 21 ന് പുതുപ്പള്ളി പേരച്ചുവട്ടിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിനെ പുറത്തിറക്കി മർദ്ദിച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു. ജോൺസിയുടെ സഹോദരൻ ജെയിംസ്‌മോന് എതിരെ യുവാവിന്റെ പിതാവ് മുൻപ് പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധമായിരുന്നു അക്രമണത്തിന് കാരണം. ഇയാൾക്ക് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലും, ഇർഫാന് ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.