
കവി പഴവിള രമേശനെ ഏറെ സ്വാധീനിച്ച ശക്തിചൈതന്യമാണ് ശ്രീബുദ്ധൻ. പലേടത്തുനിന്നും പല കാലങ്ങളിലായി ശേഖരിച്ച ബുദ്ധപ്രതിമകളും പെയിന്റിംഗുകളും ബുദ്ധന്റെ കൂറ്റൻചിത്രങ്ങളും നിറഞ്ഞ വീട്ടിലാണ് കവി കഴിഞ്ഞത്. ഭിത്തിയിലും നിലത്തും കട്ടിലിലുമെല്ലാം പല തരത്തിലും വലിപ്പത്തിലുമുള്ള ബുദ്ധചിത്രങ്ങൾ. ബുദ്ധസംബന്ധിയായ വലിയൊരു ഗ്രന്ഥശേഖരവും കൂട്ടിനുണ്ടായിരുന്നു. കവിയുടെ പ്രാണപ്രേയസിയായിരുന്ന രാധച്ചേച്ചി ഇവയെല്ലാം നളന്ദയിലെ 'പഴവിള വീട്ടിൽ"നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.
ഈശ്വരവിശ്വാസിയല്ലാത്ത പഴവിള പാവങ്ങളിലാണ് ഈശ്വരനെക്കണ്ടത്. പതിതരോടുള്ള കാരുണ്യമാകാം, ബുദ്ധദർശനത്തോടുള്ള ആഭിമുഖ്യം കവിയിൽ വളർത്തിയത്. ബുദ്ധചരിതം ഉൾപ്പെടെയുള്ള ആശാന്റെ കാവ്യലോക സ്വാധീനവും കവിയുടെ ബുദ്ധപ്രേമത്തിനു പിന്നിലുണ്ടായിരുന്നു എന്നു കരുതാം. കവി, പത്രാധിപർ, ചലച്ചിത്രഗാന രചയിതാവ്, വിമർശകൻ തുടങ്ങിയ നിലകളിലെല്ലാം രമേശൻ വേറിട്ട സംഭാവനകൾ നൽകി. ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഉറച്ചു വിശ്വസിക്കവേ തന്നെ പ്രസ്ഥാനത്തിന്റെ അപചയങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ മടിച്ചില്ല. മുഖം നോക്കാതെയുള്ള ഈ വിമർശനം ധാരാളം ശത്രുക്കളെ സൃഷ്ടിച്ചു. പക്ഷേ, പിണങ്ങുന്നതുപോലെ തന്നെ പെട്ടെന്ന് ഇണങ്ങാനും രമേശന് കഴിയുമായിരുന്നു. കീഴ്ജാതിക്കാരോടുള്ള ഹീനമായ പെരുമാറ്റത്തിന് കുട്ടിക്കാലം മുതൽ സ്വഭവനത്തിൽ നിന്ന് പൊരുതിവന്നയാളാണ് രമേശൻ. തിരുവനന്തപുരത്ത് പത്രാധിപ സിംഹമായിരുന്ന കെ. ബാലകൃഷ്ണനു കീഴിലുള്ള പത്രപ്രവർത്തനം ഈ പോരാട്ട ശൈലിക്ക് കൂടുതൽ മൂർച്ച നൽകുകയും ചെയ്തു.
1936 മാർച്ച് 20-ന് പെരിനാട് കണ്ടച്ചിറ പഴവിളവീട്ടിൽ എൻ.എ വേലായുധന്റെയും ഭാനുക്കുട്ടിഅമ്മയുടെയും രണ്ടു മക്കളിൽ ഇളയവനായി രമേശൻ ജനിച്ചു. ആറ്റുമ്മണമ്മേൽ ഉണ്ണിയാർച്ചയുടെ കുടുംബത്തിൽ ജനിച്ചയാളാണ് അമ്മ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിൽ നിന്ന് ചവറയിലെത്തിയ കുടുംബം വമ്പിച്ച ഭൂസ്വത്തിന്റെ ഉടമകളായി. അച്ഛൻ അമ്മയുമായി അകൽച്ചയിലായിരുന്നതിനാൽ പ്രതാപിയും വ്യവസായിയുമായിരുന്ന മുത്തച്ഛൻ പഴവിള നീലകണ്ഠന്റെ സംരക്ഷണയിലാണ് രമേശൻ വളർന്നത്. രമേശന്റെ പേരിലെ ഇനിഷ്യലായ 'എസ്," മുത്തച്ഛന്റെ പേരിലെ ആദ്യക്ഷരമാണ്. അമ്മാവൻ പഴവിള ശ്രീധരൻ നാട്ടുപ്രമാണിയും ധനാഢ്യനുമായിരുന്നു.
സ്കൂളിലും കോളേജിലും എസ്.എഫ് നേതാവായിരിക്കുമ്പോൾ മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന കവി പതിനേഴാം വയസിൽ പാർട്ടി മെമ്പറായി. കൊല്ലത്തു നടന്ന ഹിന്ദു മഹാമണ്ഡലത്തിന്റെ സമ്മേളനവേദിക്കരികിൽ നേതാക്കളുടെ നിർദേശപ്രകാരം ബോംബുവയ്ക്കാൻ നിയോഗിക്കപ്പെട്ട രമേശൻ തലനാരിഴയ്ക്കാണ് അന്നു രക്ഷപ്പെട്ടത്. രാഷ്ട്രീയപ്രവർത്തനം നടത്തുകയില്ലെന്നും യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്നും എഴുതിവച്ച് കൊല്ലം എസ്.എൻ കോളേജിൽ അഡ്മിഷൻ നേടിയ രമേശൻ വൈകാതെ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ആർട്സ് ക്ലബ് ചെയർമാനായപ്പോൾ അധികൃതർ മൗനം പാലിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളം എം.എ. പാസായ ശേഷം കൗമുദി വാരികയിൽ ചേർന്നു. ഒമ്പതുവർഷത്തോളം അവിടെ രാജകീയ പ്രൗഢിയിൽ കഴിഞ്ഞു. തുടർന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി.
25 വർഷത്തോളം അവിടെ പ്രവർത്തിച്ച് ഡയറക്ടർ ഇൻചാർജായി വിരമിച്ചു. നളന്ദയിലെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരവും ചുറ്റുമുള്ള ആറേക്കർ സ്ഥലവും ടി.കെ ദിവാകരൻ മന്ത്രിയായിരുപ്പോൾ രമേശന്റെ സ്വാധീനഫലമായാണ് ഇൻസ്റ്റിറ്റ്യൂട്ടിന് പതിച്ചുകിട്ടിയത്. അക്കാലത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒരു സമരകേന്ദ്രമായിരുന്നു. ഔദ്യോഗിക പദവികളൊന്നും നോക്കാതെ ജീവനക്കാരോടൊപ്പം രമേശനും സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. നളന്ദയിലെ സ്വന്തം വീട് സമരസമിതി ഓഫീസാക്കാനും അദ്ദേഹം തയ്യാറായി.
വിദ്യാർത്ഥി ജീവിതകാലം മുതൽ കവിതാരചന ആരംഭിച്ച രമേശൻ നാടകഗാനങ്ങളും രചിച്ചിരുന്നു. സർ സി.പി നിരോധിച്ചിരുന്ന 'പൊൻകുരിശ്"എന്ന നാടകത്തിലെ പാട്ടുകൾ രചിച്ച് പൊലീസിന്റെ നോട്ടപ്പുള്ളിയാവുകയും ചെയ്തു. 56-ാം വയസിലാണ് ആദ്യ കവിതാസമാഹാരം (പഴവിള രമേശന്റെ കവിതകൾ) പ്രസിദ്ധീകരിച്ചത്. തുടർന്ന് നാല് കവിതാസമാഹാരങ്ങളും മൂന്ന് ലേഖനസമാഹാരങ്ങളും. പാരുഷ്യത്തിന്റെ സൗന്ദര്യമാണ് പഴവിളക്കവിതകളെ വേറിട്ടതാക്കുന്നത്. നിശബ്ദനോ നിരായുധനോ ആയിരിക്കാൻ കവി ഒരിക്കലും തയ്യാറായിട്ടില്ല. 'ഞാണിൽ ചേർന്നൊരമ്പാ"യിരിക്കാനാണ് കവി ആഗ്രഹിക്കുന്നത്. ഏതു നിമിഷവും വർഷിക്കപ്പെടാം എന്നതുകൊണ്ട് അത് ശത്രുക്കളിൽ ഭീതി വളർത്തുമല്ലോ.
കിരീടം ധരിച്ച കിരാതന്മാരുടെ നാടെന്നാണ് കവി ആധുനിക ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. കന്നുകാലികൾക്കു സമം ജീവിതം നയിക്കുന്ന വടക്കേ ഇന്ത്യയയിലെ പാവങ്ങളോടുള്ള കാരുണ്യം പകരുന്ന കവിത (എനിക്കറിഞ്ഞുകൂട) ഹൃദയസ്പർശിയാണ്. തീപ്പന്തങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഭൂഖണ്ഡങ്ങളും പ്രാണൻ നിലനിറുത്താൻ പിടയുന്ന ജൈവാവസ്ഥകളും ചുട്ടുപഴുത്ത ആണവാകാശവും ഭീതിദമായ കാലത്തിന്റെ വരവ് നമ്മെ അറിയിക്കുന്നു (ഒരു കവിതയ്ക്കായ്). ഇത്രത്തോളം സുഹൃദ്ബന്ധങ്ങൾ പുലർത്തിയ കവികൾ വേറെയുണ്ടാകുമോ എന്നു സംശയം. കക്ഷി രാഷ്ട്രീയമൊന്നും അതിന് തടസമായിരുന്നില്ല. പി. ഭാസ്കരൻ അദ്ദേഹത്തിന്റെ ഒരു കവിതാസമാഹാരം (ഒറ്റക്കമ്പിയുള്ള തംബുരു) സമർപ്പിച്ചിരിക്കുന്നത് പഴവിളയ്ക്കാണ്.
കേരളത്തിന്റെ ഏതു ഭാഗത്തു നിന്നും അനന്തപുരിയിലെത്തുന്ന എഴുത്തുകാരുടെയും രാഷ്ട്രീയ നേതാക്കളുടെയും താവളമായിരുന്നു പനവിളയിലെ രമേശന്റെ വസതി. 'തിരുവനന്തപുരത്തിന്റെ കലവറ" എന്നാണ് തിക്കോടിയൻ പഴവിളയുടെ വീടിനെ വിശേഷിപ്പിച്ചത്. 'തിരുവനന്തപുരത്തെ വാതിലടയാത്ത സത്ര"മെന്നും ഈ വീട് പ്രശസ്തി നേടി. ഇത്ര രുചികരമായ ഭക്ഷണം വേറെങ്ങുനിന്നും ലഭിക്കുമായിരുന്നില്ല. അവിടെ വരുന്നവരെയെല്ലാം സമൃദ്ധമായി വിരുന്നൂട്ടാൻ രാധച്ചേച്ചി സദാ സന്നദ്ധയായിരുന്നു. പ്രമേഹം മൂലം ഒരു കാൽ നഷ്ടപ്പെട്ട് ഇരുപതു വർഷത്തോളം കട്ടിലിൽത്തന്നെ കഴിഞ്ഞ കവിക്ക് രാധച്ചേച്ചി നൽകിയ നിതാന്തപരിചരണം ഒരിക്കലെങ്കിലും ആ വീട് സന്ദർശിച്ചിട്ടുള്ളവരുടെ ഓർമ്മയിൽ നിന്ന് മായുകയില്ല. നിരവധി പുരസ്കാരങ്ങൾ നേടിയ പഴവിളയ്ക്ക് സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമിയുടെ അംഗീകാരമാണ് ഒടുവിൽ ലഭിച്ചത്. ആ ചടങ്ങു കഴിഞ്ഞ് ഒരാഴ്ച കൂടിയേ കവി ജീവിച്ചുള്ളു. ജീവിതകാലം മുഴുവൻ സമരോത്സുക ചൈതന്യമായി ജ്വലിച്ച രമേശൻ 2019 ജൂൺ 13 ന് 83-ാംവയസിൽ നമ്മെ വിട്ടകന്നു.
(എഴുത്തുകാരനായ ലേഖകൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു)