
സഹ്യസാനുക്കളിലെ അതിമനോഹര ഭൂപ്രദേശങ്ങളിലൊന്നാണ് ആയിരത്താണ്ടുകളുടെ പഴമയും പാരമ്പര്യവും പേറിനിൽക്കുന്ന നീലഗിരിക്കുന്നുകൾ. കോടമഞ്ഞ് കൈക്കുമ്പിളിൽ കോരിയെടുക്കാൻ കൊതിപ്പിക്കുന്ന ഊട്ടി. പച്ചപ്പരവതാനി വിരിച്ച മലഞ്ചെരിവുകളും പുൽത്തകിടികളും ഒരുക്കുന്ന മനോഹാരിത. ദൂരെ ചക്രവാളസീമകളിൽ ആരെയും ആവേശഭരിതരാക്കുന്ന നീലമലകളുടെ നീണ്ട നിരകൾ. ആ മലമടക്കുകളുടെ മടിത്തട്ടിലെ ചെറുതും വലുതുമായ ജലാശയങ്ങളിൽ മുഖം നോക്കുന്ന വന്മരങ്ങൾ.
കേരളത്തിലെയോ തമിഴ്നാട്ടിലെയോ ഭൂപ്രദേശങ്ങളിൽ അധികം കണ്ടിട്ടില്ലാത്ത വിദേശികളായ (വിശേഷിച്ച് യൂറോപ്യൻ) പൈനും യൂക്കാലിയും ടർപ്പന്റൈനും സിൽവർ ഓക്കും ജക്രാന്തയും കോർക്കുമരവും ഒക്കെ തണലും തണുപ്പും സുഗന്ധവും പരത്തി, നൂറ്റാണ്ടുകളുടെ തലയെടുപ്പോടെ ഊട്ടിയുടെ പ്രൗഢി വിളിച്ചറിയിക്കുന്നു. നിറത്തിലും വലിപ്പത്തിലും സുഗന്ധത്തിലും വൈവിദ്ധ്യം പുലർത്തുന്ന ആയിരക്കണക്കിന് റോസാച്ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്ന റോസ് ഗാർഡൻ. തമിഴ്നാട്ടുകാർക്കു മാത്രമല്ല, ഏതൊരു ഇന്ത്യക്കാരനും അഭിമാനം തോന്നിക്കുന്ന ബൊട്ടാണിക്കൽ ഗാർഡൻ. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംനേടിയിട്ടുള്ള നീലഗിരി മൗണ്ടൻ റെയിൽ. ഇതിനൊക്കെ പുറമേ വസന്തവും ശിശിരവും അണിയിച്ചൊരുക്കുന്ന വർണ്ണവിസ്മയങ്ങളുടെ വന്യമായ ഉന്മാദത്തിൽ കുളിച്ചുനിൽക്കുന്ന ചൈത്രമാസ പുലരികളും സായംസന്ധ്യകളും. അസ്ഥികളിൽ കോടമഞ്ഞിന്റെ കുളിരണിയിക്കുന്ന രാവുകൾ. അതെ; ഊട്ടിയുടെ സൗന്ദര്യം ഉയിരാകെ പടരും ഉന്മാദം!
രണ്ടുനൂറ്റാണ്ടുകൾക്കു മുമ്പ് മലമ്പനിയും കൊടുംമഞ്ഞും വന്യമൃഗങ്ങളും നിറഞ്ഞ ഘോരവനമായിരുന്നു നീലഗിരി. ഗിരിവർഗക്കാരായ തോഡർ, കോതന്മാർ, കുറുംബർ, ഇരുളർ, കാട്ടുനായ്ക്കന്മാർ, പണിയർ തുടങ്ങിയ ജനവിഭാഗങ്ങളായിരുന്നു ഇവിടുത്തെ ആദിമ നിവാസികൾ. സമുദ്രനിരപ്പിൽ നിന്ന് 2240 മീറ്റർ ഉയരത്തിലുള്ള ഊട്ടി അഥവാ ഉദകമണ്ഡലം നീലഗിരിയുടെ ആസ്ഥാനമാണ് (നേരത്തെ കോയമ്പത്തൂർ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം). ഊട്ടി കഴിഞ്ഞാൽ കൂനൂരും കോട്ടഗിരിയുമാണ് ജില്ലയിലെ മറ്റു രണ്ട് പട്ടണങ്ങൾ. കോയമ്പത്തൂർ ജില്ലാ കളക്ടറായിരുന്ന ജോൺ സള്ളിവൻ എന്ന ഭരണാധികാരിയുടെ ഭാവനയും ദീർഘവീക്ഷണവും സാഹസികത നിറഞ്ഞ ആത്മാർത്ഥതയുമാണ് ആദിവാസി ഊരുകളുടെ ആവാസഭൂമി മാത്രമായിരുന്ന ഉദകമണ്ഡലത്തെ ഇന്നു കാണുന്ന ലോകമറിയുന്ന ഊട്ടിയാക്കി മാറ്റിയത്.
ബൊട്ടാണിക്കൽ
ഗാർഡൻ
ഊട്ടിയുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡൻ. നീലഗിരിയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ദൊഡ്ഡബെട്ടയുടെ താഴ്വാരത്തിലാണ് 1847-ൽ ഈ പൂന്തോട്ടം ആരംഭിച്ചത്. ആദിമനിവാസികളെ കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, ക്വാളിഫ്ളവർ തുടങ്ങിയ ശീതകാല പച്ചക്കറികൾ നട്ടുവളർത്താൻ കളക്ടർ സള്ളിവൻ പരിശീലിപ്പിച്ചത് ഇവിടെയായിരുന്നു. മലമുകളിൽ പെയ്യുന്ന മഴവെള്ളം പെട്ടെന്ന് താഴേക്ക് ഒലിച്ചുപോകുന്നതിനാൽ കൃഷിക്ക് ആവശ്യമായ ജലം മതിയാകാതെ വന്നപ്പോൾ താഴ്വാരത്തിൽ രണ്ടു മലകളെ കൂട്ടിയിണക്കി സള്ളിവൻ കെട്ടിയുണ്ടാക്കിയ തടയണയിൽ നിറഞ്ഞ വെള്ളമാണ് ഇന്നത്തെ പ്രസിദ്ധമായ 'ഊട്ടി ലേക്ക്"!
ഏക്കർ കണക്കിന് നീണ്ടുകിടക്കുന്ന മനോഹരമായ പുൽത്തകിടികൾ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള അപൂർവ വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും. മനംമയക്കുന്ന മാസ്മരികതകൊണ്ട് കണ്ണിനും കരളിനും കുളിരുപകരുന്ന ആയിരക്കണക്കിന് പൂച്ചെടികളും പൂവിട്ടുനിൽക്കുന്ന ആമ്പലും താമരയും മറ്റ് ജലസസ്യങ്ങളുംകൊണ്ട് സമ്പന്നമായ കൊച്ചുകൊച്ചു തടാകങ്ങൾ. നോക്കെത്താദൂരമുള്ള മലഞ്ചെരിവുകളിൽ വന്മരങ്ങളുടെയും ഔഷധസസ്യങ്ങളുടെയും ഘോഷയാത്ര! കാഴ്ചയുടെ വശ്യതയും കാറ്റിന്റെ ഗതിയും നോക്കി നട്ടിരിക്കുന്ന ചില വൃക്ഷനിരകളുടെ ചാരുത ഒന്നുവേറെ തന്നെയാണ്. അമ്പത് ഏക്കർ ഭൂമിയിൽ നിറഞ്ഞു നിൽക്കുന്ന ഈ ഉദ്യാനം സമാനതകളില്ലാതെ ഇന്നും തലയുയർത്തി നില്ക്കുന്നു! ചെടികളെയും പൂക്കളെയും സ്നേഹിക്കുന്നവർക്ക് കണ്ടുമതിയാകാത്ത കാഴ്ചകളൊരുക്കുന്ന റോസ് ഗാർഡൻ മറ്റൊരു അതിശയമാണ്.
പനിനീർപ്പൂക്കളെ സ്നേഹിച്ച ജവഹർലാൽ നെഹ്റു ജനിച്ചുവളർന്ന അലഹബാദിലെ രാജകീയ പ്രൗഢിയുള്ള ആനന്ദഭവനും അതിനു ചുറ്റുമുള്ള പൂന്തോട്ടവും അവിടെയുള്ള അതിമനോഹരങ്ങളായ റോസാച്ചെടികളും ഞാൻ കണ്ടിട്ടുണ്ട്. ഡൽഹിയിൽ, രാഷ്ട്രപതി ഭവനു പിന്നിലുള്ള പ്രൗഢഗംഭീരമായ ഉദ്യാനം ചുറ്റിനടന്നു കാണാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഊട്ടിയിലെ കറുത്ത മണ്ണിൽ കോടമഞ്ഞിന്റെ ലാളനയേറ്റ് കോരിത്തരിച്ചുനിൽക്കുന്ന ആയിരക്കണക്കിന് റോസാച്ചെടികളും അവയിലെ പൂക്കളും വർണവൈവി ദ്ധ്യത്തിന്റെ എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളുടെ വസന്തം സമ്മാനിക്കുന്നുവെന്ന് പറയാൻ നിർബന്ധിതനായിപ്പോകുന്നു! ഊട്ടിയിലെ ഫ്ളവർഷോ ആരംഭിച്ചതിന്റെ നൂറാം വാർഷികത്തിന്റെ ഓർമ്മയ്ക്കായി തുടങ്ങിയതാണ് 10 ഏക്കർ ഭൂമിയിൽ പരന്നു കിടക്കുന്ന ഈ ഉദ്യാനം.
മലനിരകളുടെ
അതിരിടം
നീലഗിരി പർവത നിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ദൊഡ്ഡബെട്ട (ഉയരം 2637 മീറ്റർ). ബെഡുഗ ഭാഷയിൽ ദൊഡ്ഡബെട്ട എന്ന വാക്കിന്റെ അർത്ഥം വലിയ കൊടുമുടി എന്നാണ്. ഊട്ടിയിൽ നിന്ന് 10 കി.മീ ദൂരെ സ്ഥിതിചെയ്യുന്നു, ഈ പർവതരാജൻ. പശ്ചിമഘട്ട മലനിരകളും കിഴക്കൻ മലനിരകളും സന്ധിക്കുന്ന അഥവാ അതിരിട്ടു തിരിയുന്ന ഈ ഭൂപ്രദേശത്തിന്റെ മനോഹാരിത ഒന്നുവേറെ തന്നെയാണ്. കൊടുമുടിയുടെ മുകളിൽ കയറിനിന്നാൽ കാണുന്ന രണ്ടു പർവത നിരകളുടെ വഴിതിരിഞ്ഞുള്ള കിടപ്പിന്റെ വിദൂരദൃശ്യം കൗതുകമുണർത്തുന്ന അനുഭവമാണ്.
അതുപോലെ തന്നെ, നീലഗിരിയുടെ നിത്യവിസ്മയമായ നീലമലകളുടെ വശ്യസൗന്ദര്യം, ആ മലമടക്കുകളുടെ നിമ്നോന്നതികൾ, അസ്തമയസൂര്യനിൽ പ്രശോഭിക്കുന്ന ചക്രവാളസീമകൾ... എല്ലാം ദൊഡ്ഡബെട്ടയുടെ നെറുകയിൽ നിൽക്കുമ്പോൾ നമ്മെ മാടിവിളിക്കുന്നു, ഉന്മത്തരാക്കുന്നു. കേരളത്തിന്റെയും തമിഴ്നാടിന്റെയും കർണാടകത്തിന്റെയും അതിരുകൾ പങ്കിടുന്ന ദൊഡ്ഡബെട്ട പ്രകൃതിയുടെ വരദാനമാണ്. കൊടുമുടിയുടെ മുകളിലുള്ള ഒബ്സർവേറ്ററിയിൽ രണ്ടു ടെലസ്കോപ്പുകൾ സന്ദർശകർക്കായി സ്ഥാപിച്ചിട്ടുണ്ട്. ഊട്ടിയുടെ സൗന്ദര്യം മാത്രമല്ല, നീലഗിരിയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഇതിലൂടെ കാണാം. വർഷത്തിൽ ഒൻപതു മാസവും മഞ്ഞിൽ കുളിച്ചുകിടക്കുന്ന ദൊഡ്ഡബെട്ടയും ചുറ്റുമുള്ള നീലഗിരികുന്നുകളും അകലെനിന്നും അടുത്തുനിന്നും കാണാനും അനുഭവിച്ചറിയാനും കഴിയുന്നത് ജന്മപുണ്യം തന്നെ.
പൈതൃകത്തിന്റെ
പാളങ്ങൾ
മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കുള്ള ഹിൽ റെയിൽ സംവിധാനം ആരംഭിച്ചത് 1889-ലാണ്. യുനസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംനേടിയിട്ടുള്ള ഈ മനുഷ്യനിർമ്മിത വിസ്മയം കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും ആത്മഹർഷത്തിന്റെ അനുഭവതലം സമ്മാനിക്കുന്നു. കൂറ്റൻ പാറക്കെട്ടുകൾ തുരന്നുണ്ടാക്കിയ തുരങ്കങ്ങളിലൂടെ, വെള്ളച്ചാട്ടങ്ങൾക്കു മുകളിലൂടെ, മൂടൽമഞ്ഞിന്റെ മുലക്കച്ചയണിഞ്ഞ് തലയുയർത്തി നിൽക്കുന്ന നീലമലകൾക്കിടയിലൂടെ, താഴ്വാരങ്ങളിലെ പുൽത്തകിടികൾക്കും അവയ്ക്കിടയിലൂടെ തുള്ളിയൊഴുകുന്ന കാട്ടരുവികൾക്കും മുകളിലൂടെയുള്ള ട്രെയിൻയാത്ര ഹരംകൊള്ളിക്കും.
ഒരുവശത്ത് ഉയർന്നു നിൽക്കുന്ന വൻമലകളും മറുവശത്ത് കിഴുക്കാംതൂക്കായ മലഞ്ചെരിവുകളും പൊട്ടിച്ചുമാറ്റിയ പാറയുടെ ശേഷിക്കുന്ന മുറിക്കല്ലുകൾ റെയിൽവേ ലൈനിലേക്ക് തള്ളിനിൽക്കുന്നതുമൊക്കെ കാണുമ്പോൾ ഈ റെയിൽവേ ലൈൻ യാഥാർത്ഥ്യമാക്കുന്നതിന് ജോലിചെയ്ത മനുഷ്യരുടെ അദ്ധ്വാനശേഷിയും സാഹസികതയും ജോലിക്കിടെയുണ്ടായ നിരവധി പേരുടെ ജീവത്യാഗവും ഓർമ്മ വരും. അപ്പോൾ ആഹ്ലാദാരവങ്ങൾക്കൊപ്പം നൊമ്പരത്തിന്റെ നേരിയ ഓർമ്മപ്പെടുത്തലുകളും അനുഭവപ്പെടും. 1908- ലാണ് ഈ റെയിൽപ്പാത കൂനൂരിൽ നിന്ന് ഊട്ടിവരെ നീട്ടിയത്. സമുദ്രനിരപ്പിൽനിന്ന് 325.83 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് തുടങ്ങി ഊട്ടിയിലെത്തുമ്പോഴേക്കും 2197 മീറ്റർ ഉയരത്തിലെത്തുന്ന ഈ പാതയുടെ നിർമ്മാണം അത്യന്തം സങ്കീർണമായിരുന്നു. 2005 ജൂൺ 15-നാണ് യുനസ്കോയുടെ ലോക ഹെറിറ്റേജ് പദവി ഊട്ടി ഹിൽ ട്രെയിനിനു ലഭിച്ചത്.
പെത്തെക്കൽ
ബംഗ്ലാവ്
ഊട്ടിയുടെ ഉപജ്ഞാതാവ് എന്ന വിശേഷണത്തിന് അർഹനായ ജോൺ സള്ളിവന്റെ പേരിലുള്ള സ്മാരക മന്ദിരം (പെത്തെക്കൽ ബംഗ്ലാവ്) ഉദകമണ്ഡലത്തിന്റെ ഇന്നലെകളും ഊട്ടിയുടെ ചരിത്രവും സംസ്കാരവും എല്ലാം നമ്മെ ഓർമ്മപ്പെടുത്തുന്നു. സള്ളിവനെപ്പോലെ പ്രകൃതിയെ സ്നേഹിക്കുന്ന, പാവങ്ങളായ മനുഷ്യരെ സ്നേഹിക്കുന്ന, നാടിന്റെ നാളെകളെക്കുറിച്ച് സ്വപ്നം കാണുന്ന ഉദ്യോഗസ്ഥന്മാർ നമുക്കില്ലാതാകുന്നു എന്നത് ദു:ഖകരമാണ്. ഏതാനും വർഷങ്ങൾമുമ്പ് കേരളത്തിലെ മൂന്നാറിനെ നന്നാക്കാൻ മുന്നിട്ടിറങ്ങിയ അന്നത്തെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം പ്രവർത്തിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാർക്കും നേരിടേണ്ടിവന്ന പ്രശ്നങ്ങളും പ്രതിസന്ധികളും മറക്കാറായിട്ടില്ല. നാടുനന്നാക്കാൻ വേണ്ടി അരിക്കൊമ്പനെ (കാട്ടിലെ ആന)നാടുകടത്തിയ പ്രകൃതിസ്നേഹികൾക്ക് നല്ല നമസ്കാരം!
നീലഗിരി കുന്നുകളിൽ ഊട്ടി കഴിഞ്ഞാൽ രണ്ടാമത്തെ പട്ടണമാണ് കൂനൂർ. മേട്ടുപ്പാളയം- ഉദകമണ്ഡലം റെയിൽ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കൂനൂർ താരതമ്യേന താഴ്ന്ന പ്രദേശമാണ്. ഉയരം 1858 മീറ്റർ. ഊട്ടിയിൽ നിന്ന് 18 കി.മീ. ദൂരം. തിരക്കുള്ള സീസണുകളിൽ ഊട്ടിയിൽ താമസസൗകര്യം കിട്ടിയില്ലെങ്കിൽ കൂനൂരിനെ ആശ്രയിക്കാവുന്നതാണ്. ലോകപ്രസിദ്ധമായ സിംസ് പാർക്ക്, ടീ പാർക്ക്, ഡോൾഫിൻസ് നോസ്, പൈക്കാര ഫാൾസ്, നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലം (ഫേൺഹിൽ), വെൻലോക്ക് ഡൗൺസ് ഷൂട്ടിംഗ് പോയിന്റ് എന്നിവിടങ്ങളിൽ കൂനൂരിൽനിന്ന് എളുപ്പത്തിൽ എത്താൻ കഴിയും.
പൈക്കാര
വെള്ളച്ചാട്ടം
ഊട്ടി-മൈസൂർ റോഡിന്റെ അരികിലാണ് പൈക്കാര തടാകവും വെള്ളച്ചാട്ടവും (ഊട്ടിയിൽനിന്ന് 21 കി.മീ. ദൂരം). പൈക്കാര ഡാമും തടാകവും സുഖകരമായ കാഴ്ചകളാണ്. അവിടെ ബോട്ടിംഗിനുള്ള സൗകര്യമുണ്ട്. അതിനേക്കാൾ മനോഹരമാണ് പാറക്കൂട്ടങ്ങൾക്കു മുകളിലൂടെ ഒഴുകിവരുന്ന നദി പെട്ടെന്ന് നദിയുടെ മദ്ധ്യഭാഗത്തുള്ള ഒരു ഇടുക്കിലൂടെ പളൂങ്കുമണികൾ ചിന്നിച്ചിതറിച്ച് താഴേക്കു പതിക്കുന്ന പൈക്കാര ഫാൾസ്. കണ്ണിനും കരളിനും കുളിരു പകരുന്ന അനുഭവം. ആളുകൾ നദിയിലിറങ്ങിയാൽ അപകടമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് ബലമുള്ള കമ്പിവേലി കെട്ടിയിട്ടുണ്ട്.
വെൻലോക്ക്
ഡൗൺസ്
പല പ്രശസ്ത ഹിന്ദി സിനിമകളിലും മലയാളം, തമിഴ് സിനിമകളിലും നമ്മൾ കണ്ടിട്ടുള്ള ഏറെ ശ്രദ്ധേയമായ സുന്ദരദൃശ്യങ്ങൾ പലതും ചിത്രീകരിച്ചിരിക്കുന്നത് നീലഗിരിയിലെ വെൻലോക്ക് ഡൗൺസ് ഷൂട്ടിംഗ് പോയിന്റിലാണ്. ഊട്ടിയിൽ നിന്ന് 8 കി.മീ (ഗൂഡല്ലൂർ റോഡ്) പോയാൽ കണ്ണു ചിമ്മാതെ നോക്കിനില്ക്കാൻ കൊതിപ്പിക്കുന്ന ഷൂട്ടിംഗ് പോയിന്റിലെത്താം. ഇന്നും സിനിമക്കാരുടെ ഇഷ്ടകേന്ദ്രമായ ഈ സൗന്ദര്യഭൂമി വാഗമണ്ണിലെ ഇഡ്ഡലികുന്നുകളെ അനുസ്മരിപ്പിക്കുന്നു. വാഗമണ്ണിലേതിനേക്കാൾ കുറേക്കൂടി വലിയ കുന്നുകൾ. അതിനു മുകളിൽ കയറി നിന്നാൽ നമ്മൾ ഭൂമിയിലാണോ സ്വർഗത്തിലാണോ നിൽക്കുന്നതെന്ന് സംശയിച്ചുപോകും!
നോക്കെത്താദൂരം ചരിഞ്ഞുകിടക്കുന്ന മനോഹരങ്ങളായ പുൽത്തകിടികൾ. അതിനുമപ്പുറം സമൃദ്ധമായി വളരുന്ന പൈൻ മരങ്ങളുടെ നിറസാന്നിദ്ധ്യം. ചക്രവാള സീമകളിൽ തൊട്ടുരുമ്മി നിൽക്കുന്ന നീലമലകളുടെ നീണ്ടനിര ഒരുക്കുന്ന അവാച്യമായ വശ്യസൗന്ദര്യം. വിശ്വശില്പിയുടെ കരവിരുതിന്റെ വൈഭവമോർത്ത് വിസ്മയംകൊള്ളുന്ന നിമിഷങ്ങൾ. പ്രകൃതിയും ഈശ്വരനും സത്യവും സൗന്ദര്യവുമെല്ലാം ഒന്നുതന്നെ എന്ന തിരിച്ചറിവുണ്ടാകുന്ന അനുഭൂതിധന്യമായ നിമിഷങ്ങൾ. ‘മുനിമാരും നുകരാത്ത സുഖചക്രവാളം’ എന്ന ചങ്ങമ്പുഴയുടെ പ്രയോഗത്തിന് കൂടുതൽ അർത്ഥതലങ്ങൾ അനുഭവപ്പെടുന്നത് ഇവിടെ നില്ക്കുമ്പോഴാണ്.
ഗവൺമെന്റ് സെക്രട്ടറി ആയിരുന്ന ജെ.ഡി. സിം 1874 -ൽ ആരംഭിച്ചതാണ് സിംസ് പാർക്ക്. ഉന്നതഉദ്യോഗസ്ഥർക്കും മറ്റും ഉല്ലസിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ ഈ ഉദ്യാനം അക്ഷരാർത്ഥത്തിൽ ഒരു ബൊട്ടാണിക്കൽ ഗാർഡൻ തന്നെ. 30 ഏക്കറിലധികം വരുന്ന, മനോഹരമായി സംവിധാനം ചെയ്ത് ഒരുക്കിയിരിക്കുന്ന ഈ പൂന്തോട്ടം നയനമോഹനമാണ്. താഴ്വാരത്തിലൂടെ ഒഴുകുന്ന തോടും അതിനോടു ചേർന്നുള്ള തടാകവും ചെറുതെങ്കിലും കാവ്യസുന്ദരമാണ്. നിറയെ പൂക്കളുമായി സന്ദർശകരെ വരവേൽക്കുന്ന നൂറുകണക്കിന് ചെറുസസ്യങ്ങൾ. ഒന്നരനൂറ്റാണ്ട് പഴക്കമുള്ള വന്മരങ്ങൾ. അതും അപൂർവത്തിൽ അപൂർവമായ ഔഷധസസ്യങ്ങൾ... ഈ വന്മരങ്ങളിലെല്ലാം അവ നട്ട വർഷവും ശാസ്ത്ര നാമവും രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 1869-ൽ നട്ട പൂന്തോട്ടത്തിലെ 'മുതുമുത്തച്ഛൻ"മരം (ഓൾഡസ്റ്റ് ട്രീ) മുതൽ മാസങ്ങൾക്ക് മുമ്പു നട്ട തൈകൾ വരെ ഇവിടെ അതീവശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നു.
ഡോൾഫിൻ
നോസ്
കൂനൂരിൽ നിന്ന് 12 കി.മീ. അകലെയുള്ള ഡോൾഫിൻ നോസിലേക്കുള്ള റോഡ് അൽപം ഇടുങ്ങിയതാണ്. ആദ്യഘട്ടം ഭേദപ്പെട്ട വനത്തിനുള്ളിലൂടെയാണ്. അതുകഴി ഞ്ഞാൽ സമൃദ്ധമായി തളിരിട്ടുനിൽക്കുന്ന ജീവസുറ്റ തേയിലചെടികൾ നിറഞ്ഞ തോട്ടങ്ങൾ. കോടമഞ്ഞ് വീശിയടിക്കുമ്പോഴത്തെ കുളിരിന്റെ സുഖം അനുഭവിച്ചുതന്നെ അറിയണം. ആയിരക്കണക്കിന് ഏക്കർ വിസ്തൃതിയിലുള്ള തേയിലത്തോട്ടങ്ങളോട അനുബന്ധിച്ച് അതത് കമ്പനികളുടെ ഫാക്ടറികളും വില്പനശാലകളുമുണ്ട്.
തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള റോഡ് അവസാനിക്കുന്നിടത്താണ് പേര് സൂചിപ്പിക്കുന്നതു പോലെ അഗാധമായ മലഞ്ചെരിവിനു മുകളിൽ മുന്നിലേക്കു തള്ളിനിൽക്കുന്ന വലിയ പാറ, അത്ഭുതവും ആനന്ദവും ഒരുപോലെ പകരുന്ന അപൂർവ നിമിഷങ്ങൾ. മുതുമല വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള നിബിഡ വനത്തിന്റെ വിദൂരദൃശ്യം മറ്റൊരനുഭവമാണ്. മലമുകളിൽ നിന്ന് പച്ചപ്പിനിടയിലൂടെ വെള്ളിക്കൊലുസുകൾ കിലുക്കി കുത്തിയൊഴുകുന്ന മോയർ നദിയുടെ വിദൂരദൃശ്യം മനസ്സിൽ പതിയുന്ന മറ്റൊരു ചിത്രമാണ്. ദൂരെ മലഞ്ചരുവിൽ വന്മരങ്ങൾക്കു മുകളിലൂടെ പാറിപ്പറന്നു നടക്കുന്ന വെള്ളിമേഘങ്ങൾ നമ്മെ മാടി വിളിക്കുന്നു, മുതുമല സാങ് ച്വറിയിലേക്ക്.
പുഷ്പങ്ങളുടെ
മഹോത്സവം
സമുദ്രനിരപ്പിൽ നിന്ന് 2400 മുതൽ 2500 മീറ്റർ വരെ ഉയരമുള്ള ഭൂമിയിലാണ് ബൊട്ടാണിക്കൽ ഗാർഡൻ. അവിടുത്തെ അതിവിശാലമായ പുൽത്തകിടികളും തട്ടുകളായി തിരിച്ച ഉദ്യാനഭാഗങ്ങളുമാണ് ഫ്ളവർഷോയ്ക്കായി അധികവും ഉപയോഗിക്കുന്നത്. മെയ് മാസം പകുതിയോടെ നടക്കുന്ന ഈ മേള ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികളെ ഊട്ടിയിലേക്ക് ആകർഷിക്കുന്നു. 126-ാ മത് ഫ്ളവർഷോ ഇക്കഴിഞ്ഞ മേയ് 10 മുതൽ 20 വരെ ആയിരുന്നു.
നാല്പതു വർഷങ്ങൾക്കു മുമ്പു മുതൽ എത്രയോവട്ടം ഊട്ടിയിൽ പോയിരിക്കുന്നു! അന്നൊക്കെ ഏപ്രിൽ-മേയ് മാസങ്ങളിൽ ഊട്ടിയിലെ റോഡുകളുടെ ഇരുവശങ്ങളിലുമുള്ള പുൽക്കൊടികളിൽ, കുറ്റിച്ചെടികളിൽ, അവയിൽ പറ്റിച്ചേർന്നു കിടക്കുന്ന വള്ളിപ്പടർപ്പുകളിൽ എല്ലാം നിറയെ വൈവിദ്ധ്യമാർന്ന പൂക്കളുടെ മനോഹാരിതയുണ്ടായിരുന്നു. നഗരവൽക്കരണത്തിന്റെയും വാണിജ്യവൽക്കരണത്തിന്റെയും ഭാഗമായി ഉയർന്നു പൊങ്ങുന്ന കോൺക്രീറ്റ് വനങ്ങൾ ഊട്ടിയുടെ സർഗാത്മകസൗന്ദര്യം കവർന്നുകൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. ഊട്ടിയുടെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന തടാകം ഇന്ന് ഏറ്റവും വലിയ വാണിജ്യസമുച്ചയമായി മാറിയിരിക്കുന്നു. തടാകത്തിന്റെയും ബസ് സ്റ്റാൻഡിന്റെയും മുൻഭാഗങ്ങളിൽ ജോൺ സള്ളിവൻ എന്ന പ്രതിഭാശാലിയായ ബ്രിട്ടീഷുകാരൻ ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടുവന്ന് നട്ടുവളർത്തിയ വൻ മരങ്ങൾ ഒന്നൊന്നായി വെട്ടി നശിപ്പിച്ചിരിക്കുന്നു.
അമ്പതു വർഷങ്ങൾക്കു മുമ്പ് കേരളകൗമുദിയിലെ ജീവനക്കാരനായി ഞാൻ തിരുവനന്തപുരത്തെത്തുമ്പോൾ,ജനക്ഷേമ തല്പരരായിരുന്ന മഹാരാജാക്കന്മാർ കിഴക്കേക്കോട്ടയിലും തമ്പാനൂരിലും നട്ടുവളർത്തിയ തണൽ മരങ്ങളും പൂമരങ്ങളും നിരവധിയുണ്ടായിരുന്നു. റോഡിന് വീതികൂട്ടൽ, ഓടനിർമ്മാണം മുതലായ കാരണങ്ങൾ പറഞ്ഞ് ആ വന്മരങ്ങൾ മുഴുവൻ വെട്ടിനശിപ്പിച്ചു. മരം വെട്ടാൻ ഉത്തരവിറക്കിയ ഭരണധുരന്ധരന്മാരോ മരംവെട്ടിന് നേതൃത്വം നൽകിയ എൻജിനിയർമാരോ പകരം ഒരു വൃക്ഷത്തൈയെങ്കിലും നട്ടുവളർത്താനുള്ള സൗമനസ്യം കാട്ടിയില്ല! ഊട്ടിയിലേക്ക് യാത്ര പോകുന്ന സ്കൂൾ- കോളേജ് വിദ്യാർത്ഥികളുടെ സംഘം മൂന്നു സ്ഥലങ്ങളിലാണ് മിക്കവാറും പോവുക- ബൊട്ടാണിക്കൽ ഗാർഡൻ, ഊട്ടി ലേക്ക്, നീലഗിരി മൗണ്ടൻ റെയിൽ! അതു മാത്രമല്ല നീലഗിരിയെന്നും, അവസാനിക്കാത്ത കാഴ്ചകളുടെയും അറിവിന്റെയും അക്ഷയഖനിയാണ് അവിടമെന്നും അറിയിക്കാനാണ് ഓരോ സ്ഥലത്തെക്കുറിച്ചും വിശദമായി പറഞ്ഞത്. നീലഗിരി ഒരു വരദാനമാണ്, തലമുറകളുടെ സൗഭാഗ്യം.
(ലേഖകന്റെ ഫോൺ : 94470 37877)