
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന അന്യഗ്രഹ ജീവികൾ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ. കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. സജിൻ ഗോപു, രാജേഷ് മാധവൻ എന്നിവരും പ്രധാന താരങ്ങളായിരിക്കും . മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ഹ്യൂമർ പശ്ചാത്തലത്തിൽ ഒരുങ്ങുന്നതാണ് ചിത്രം. ന്നാ, താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും ആദ്യമായി ഒരുമിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ന്നാ താൻകേസ് കൊട് എന്ന ചിത്രത്തിലെ കൊഴുമ്മൽ രാജീവൻ. രാജേഷ് മാധവനും ചിത്ര നായരും പ്രധാന വേഷം അവതരിപ്പിച്ച സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിൽ അതിഥി വേഷത്തിൽ കുഞ്ചാക്കോ ബോബൻ എത്തിയിരുന്നു. അതേസമയം നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുകയാണ് ചാക്കോച്ചൻ. പ്രിയാ മണിയാണ് നായിക. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ഷാഹി കബീർ രചന നിർവഹിക്കുന്നു. ഇതിനുശേഷം ആവേശത്തിന്റെ സംവിധായകൻ ജിതു മാധവന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് ചാക്കോച്ചൻ ഒരുങ്ങുന്നത്. ജിതു മാധവന്റെ ചിത്രത്തിനുശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.അതേസമയം അമൽ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഒക്ടോബറിൽ തിയേറ്ററിൽ എത്തും. ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, ജ്യോതിർമയി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.