
മേരിലാൻഡ്: യു.എസിൽ നടന്ന ഈ വർഷത്തെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ മത്സരത്തിൽ ചാമ്പ്യനായി ഇന്ത്യൻ വംശജൻ ബൃഹത് സോമ (12). ഏഴാം ഗ്രേഡ് വിദ്യാർത്ഥിയായ ബൃഹത് ഫ്ലോറിഡ സ്വദേശിയാണ്. 50,000 ഡോളറാണ് ബൃഹതിന് ലഭിച്ച സമ്മാനം. അവസാന റൗണ്ടിൽ 90 സെക്കൻഡിനുള്ളിൽ 29 വാക്കുകളുടെ സ്‌പെല്ലിംഗ് ശരിയായി പറഞ്ഞാണ് ബൃഹതിന്റെ നേട്ടം. മൂന്നാം തവണയാണ് ബൃഹത് സ്‌പെല്ലിംഗ് ബീ മത്സരത്തിൽ പങ്കെടുക്കുന്നത്. തെലങ്കാന സ്വദേശി ശ്രീനിവാസ് സോമയുടെ മകനാണ്. ഫൈസാൻ സാകിക്കാണ് (ടെക്സസ്) രണ്ടാം സ്ഥാനം. ശ്രേയ് പരീഖ് (കാലിഫോർണിയ), അനന്യ പ്രസന്ന (നോർത്ത് കാരലൈന) എന്നിവർക്കാണ് മൂന്നാം സ്ഥാനം. ഫ്ലോറിഡയിൽ നിന്നുള്ള ഇന്ത്യൻ വംശജൻ ദേവ് ഷാ ആയിരുന്നു കഴിഞ്ഞ വർഷം ജേതാവ്. 1925 മുതൽ യു.എസിൽ പ്രതിവർഷം നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിൽ വർഷങ്ങളായി ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികളാണ് മുന്നിട്ടു നിൽക്കുന്നത്. സ്‌പെല്ലിംഗ് ബീ കിരീടം നേടുന്ന 28 -ാമത്തെ ഇന്ത്യൻ - അമേരിക്കൻ ആണ് ബൃഹത്.