muthoot

കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ സംയോജിത അറ്റാദായം 2024 സാമ്പത്തിക വർഷം 4,468 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ 3,670 കോടിയെ അപേക്ഷിച്ച് 22 ശതമാനം വർദ്ധിച്ചു. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അറ്റാദായം 17 ശതമാനം വർദ്ധിച്ച് 2024ൽ 4,050 കോടി രൂപയിലെത്തി. മുൻ സാമ്പത്തികവർഷം 3,474 കോടിയായിരുന്നു.

മാർച്ച് 31ന് അവസാനിച്ച നാലാം ത്രൈമാസത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അറ്റാദായം 17 ശതമാനം വർദ്ധിച്ച് 1,056 കോടി രൂപയിലെത്തി. പ്രവർത്തനലാഭം 17 ശതമാനം വർദ്ധിച്ച് 1,424 കോടി രൂപയിലെത്തി.

മുത്തൂറ്റ് ഫിനാൻസിന്റെ ആകെ വായ്പാ ആസ്തികൾ മുൻ സാമ്പത്തിക വർഷത്തെ 71,497 കോടി രൂപയേക്കാൾ 25 ശതമാനം വളർച്ചയോടെ 2024 സാമ്പത്തിക വർഷം 89,079 കോടി രൂപയിലെത്തി. സംയോജിത വായ്പാ ആസ്തികൾ ത്രൈമാസത്തിൽ 8 ശതമാനമാണ് വർദ്ധിച്ചത്.

മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം വായ്പാ ആസ്തി 20 ശതമാനം വാർഷിക വളർച്ചയോടെ 75,827 കോടി രൂപയെന്ന ഏറ്റവും ഉയർന്ന നിലയിലെത്തി.

2024 വർഷത്തിന്റെ നാലാം ത്രൈമാസത്തിൽ 225 പുതിയ ശാഖകൾ ആരംഭിച്ചു.
സംയോജിത വായ്പാ ആസ്തികൾ 89,000 കോടി രൂപ കടക്കുകയും കമ്പനിയുടെ മാത്രം സംയോജിത വായ്പാ ആസ്തികൾ 75,000 കോടി രൂപ കടക്കുകയും ചെയ്തതായി ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.

വായ്പകൾ 25 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. കമ്പനിയുടെ മാത്രം വായ്പകൾ 20 ശതമാനവും വളർന്നു. ഉപസ്ഥാപനങ്ങളുടെ വായ്പാ ആസ്തികൾ 15 ശതമാനമായി ഉയർന്നു. നികുതിക്കു ശേഷമുളള സംയോജിതലാഭം 22 ശതമാനം വളർച്ചയോടെ 4.468 കോടി രൂപയിലെത്തി. സ്വർണപ്പണയ വായ്പ 16,415 കോടി രൂപയെന്ന ഏറ്റവും ഉയർന്ന നിലയിലെത്തിയതായി മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.