
തിരുവനന്തപുരം: രണ്ട് അടുക്കള സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ. വെളിച്ചെണ്ണ, മുളക് വിലയാണ് കുറച്ചത്. വെളിച്ചെണ്ണ വിലയിൽ നിന്ന് ഒൻപത് രൂപയും മുളക് വിലയിൽ നിന്ന് ഏഴ് രൂപയുമാണ് കുറച്ചിരിക്കുന്നത്.
പൊതുവിപണിയിൽ വെളിച്ചെണ്ണ, മുളക് വിലയിൽ കുറവ് വന്നതോടെയാണ് സപ്ലൈകോയും വില കുറച്ചത്. ഇതോടെ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 136 രൂപയും അരക്കിലോ മുളകിന് 77 രൂപയുമായി. കമ്പനി ഉത്പന്നങ്ങളുടെ വിലയിലും കുറവ് വരുത്തിയിട്ടുണ്ട്.
സപ്ലൈകോയിൽ പല അവശ്യ സാധനങ്ങളും ലഭ്യമല്ലെന്ന രീതിയിൽ നേരത്തെ പരാതികളുയർന്നിരുന്നു. വിതരണക്കാർക്ക് കൃത്യമായി പണം നൽകാത്തതിനാലാണ് സപ്ലൈകോയിൽ സാധനമെത്താതിരുന്നത്. നിലവിലെ വിലക്കുറവ് പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ച് മാർക്കറ്റിൽ പച്ചക്കറി, മീൻ,മുട്ട കോഴിയിറച്ചി, പലവ്യഞ്ജനം അങ്ങനെ എല്ലാത്തിന്റെയും വില കുത്തനെ ഉയരുകയാണ്. തീൻമേശയിലെ സ്ഥിരം സാന്നിദ്ധ്യമായ മീൻ നിലവിൽ കിട്ടാനില്ല. കിട്ടിയാലും അവയ്ക്ക് തീവിലയും.
കഴിഞ്ഞദിവസം ആറ്റിങ്ങലിൽ പലയിടത്തും എട്ട് മത്തിക്ക് 100 രൂപയായിരുന്നു. ചിലയിടത്ത് അതും കിട്ടാനില്ല. കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയും കടൽക്ഷോഭവും കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിലിറങ്ങാൻ കഴിയുന്നില്ല. പിന്നെയുള്ളത് രാജ്യത്തിന് പുറത്തുനിന്നും കണ്ടെയ്നറുകളിൽ എത്തുന്ന മീനുകളാണ്. എന്നാൽ ഇത്തവണ ഇവയുടെ വരവും കുറവാണ്. രാസവസ്തുക്കൾ കലർന്ന ഇവ കഴിച്ചാൽ രുചിയുമില്ല മണവുമില്ല, ഒപ്പം ആരോഗ്യത്തിന് ഹാനികരവും.
കടുത്ത വേനൽ കാരണം പലയിടത്തേയും പച്ചക്കറി കൃഷി പൂർണമായും കരിഞ്ഞുണങ്ങിയിരുന്നു. വേനലിനെ അതിജീവിച്ച പച്ചക്കറികളാകട്ടെ പിന്നീട് വന്ന വെള്ളക്കെട്ടിൽ മുങ്ങിപ്പോയി. ഇതോടെ തീൻമേശയിലെത്തുന്ന പച്ചക്കറിയുടെ വിലയും വർദ്ധിച്ചു.
കഴിഞ്ഞ മാസത്തെ കടുത്തചൂടിൽ പല ഹാച്ചറികളിലേയും ഇറച്ചിക്കൊഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു. ഇത് കോഴി ഇറച്ചിയുടെയും മുട്ടയുടെയും ഉത്പാദനത്തെ കാര്യമായി ബാധിച്ചു. ഫാമുകൾ ഏറെയും കേരളത്തിന് പുറത്തായതിനാലാണ് തമിഴ്നാട് ലോബികൾ കോഴിയ്ക്കും മുട്ടയ്ക്കും വില കുത്തനെ വർദ്ധിപ്പിച്ചത്. കേരളത്തിൽ മിക്കവരും ചെറുകിട കോഴി ഫാമുകളാണ് നടത്തുന്നത്. ഇവിടുത്തെ ഉത്പാദനം കൊണ്ട് തമിഴ്നാട് ഫാമുകളിലെ കോഴിവില തടയാനും കഴിയില്ല.
മാത്രമല്ല സംസ്ഥാനത്ത് ചിലയിടങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കിയിരുന്നു. ഇതും കേരളത്തിൽ മാംസ വിൽപ്പനയെ വല്ലാതെ ബാധിച്ചു.