virudhar

ചോദിച്ചോളൂ മകനേ,​ എന്തു വരമാണ് വേണ്ടത്?- കന്യാകുമാരി വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ കാവി വസ്ത്രമണിഞ്ഞ് കൈയിൽ രുദ്രാക്ഷവുമായി ഓംകാര മന്ത്രം ജപിച്ച് 45 മണിക്കൂർ ധ്യാനത്തിലിരുന്ന മോദിജിയിൽ സംപ്രീതനായ ഭഗവാൻ ചോദിച്ചു.

'400 സീറ്റ് !"- മോദിജി രണ്ടു വാക്കിൽ ധ്യാനോദ്ദേശ്യം വ്യക്തമാക്കി. കാര്യം ഗ്രഹിച്ച ഭഗവാൻ അരുളി ചെയ്തു: തഥാസ്തു (അങ്ങനെ സംഭവിക്കട്ടെ)! സന്തുഷ്ടനായ മോദിജി സൂര്യന് ജലാഭിഷേകം നടത്തി സ്വാമി വിവേകാനന്ദനെയും, പാർവതി ദേവിയെയും സമീപത്തെ പാറയിലെത്തി തിരുവള്ളുവരെയും വണങ്ങി,​ തിരികെ ഡൽഹിയിലെത്തി നിമിഷങ്ങൾക്കകം ദാ വരുന്നു,​ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫല പ്രവചനം .എൻ.ഡി.എയ്ക്ക് 350 മുതൽ 400 സീറ്റ് വരെ. മോദി സർക്കാരിന് മൂന്നാമൂഴം!

ധ്യാനം ഫലിച്ചോ? 2019-ൽ ഫലം വരുന്നതിനു തൊട്ടു മുമ്പല്ലേ മോദിജി കേദാർനാഥിലെ ഗുഹയിൽ ധ്യാനമിരുന്നത്. അന്ന്,​ ചോദിച്ച 350 സീറ്റ് കിട്ടിയില്ലേ? എക്സിറ്റ് പോളിൽ വിശ്വാസമർപ്പിച്ച് അമിത് ഷായും കൂട്ടരും. അന്നു വൈകിട്ടും ഡൽഹിയിൽ ഒത്തു ചേർന്ന് 295 സീറ്റോടെ കേന്ദ്രത്തിൽ അധികാരമുറപ്പിച്ച ഇന്ത്യ മുന്നണി നേതാക്കൾക്ക് ഉൾക്കിടിലം. എക്സിറ്റ് പോൾ ഫലം ശരിയാവുമോ? സർവേ നടത്തിയ ചാനലുകൾക്കും ഏജൻസികൾക്കുമെല്ലാം ഏതാണ്ട് ഒരേ സ്വരമാണല്ലോ?ഇത് അവന്മാരുടെ പണിയല്ലേ?എങ്കിലും പ്രതീക്ഷ കൈവിടേണ്ട. നാളെ യഥാർത്ഥ ഫലം വരട്ടെ.

 

രാജ്യഭരണവും, കുടുംബവുമെല്ലാം ഉപേക്ഷിച്ച് സർവംസംഗ പരിത്യാഗിയായാണ് സിദ്ധാർത്ഥ മഹാരാജാവ്

രാത്രിനേരത്ത് സഹധർമ്മിണിയുടെ കണ്ണുവെട്ടിച്ച് കൊട്ടാരത്തിൽ നിന്നിറങ്ങിയത്. സന്യാസ വേഷം ധരിച്ച്

ബോധിവൃക്ഷ ചുവട്ടിലിരുന്ന് ധ്യാനം തുടങ്ങി, ബോധോദയം ലഭിച്ച് ഗൗതമ ബുദ്ധനായി. കന്യാകുമാരിയിൽ സമുദ്രം നീന്തിക്കടന്ന് പാറപ്പുറത്തെത്തിയ സ്വാമി വിവേകാനന്ദൻ മൂന്നു ദിവസത്തെ ധ്യാനത്തിനു ശേഷം അമേരിക്കയിലെത്തി ചരിത്ര പ്രസിദ്ധമായ ചിക്കാഗോ പ്രസംഗം നടത്തി. കന്യാകുമാരിക്കടുത്ത് മരുത്വാ മലയിലെ ദീർഘതപസിൽ അതീന്ദ്രിയ ജ്ഞാനം കൈവരിച്ച ശ്രീനാരായണ ഗുരുദേവൻ കാൽനടയായി അരുവിപ്പുറത്തെത്തി ശിവ പ്രതിഷ്ഠ നടത്തി സാമൂഹ്യ വിപ്ലവം സൃഷ്ടിച്ചു.

പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനു ശേഷം കന്യാകുമാരിയിൽ ഹെലികോപ്ടറിൽ പറന്നെത്തി സ്പീ‌ഡ് ബോട്ടിൽ വിവേകാനന്ദപ്പാറയിയെത്തിയ പ്രധാനമന്തി നരേന്ദ്ര മോദി,​ രണ്ടു ദിവസം അവിടെ ധ്യാനമിരുന്നു. ഏകാന്തധ്യാനം. മോദിക്കു പിന്നാലെ സുരക്ഷാ ഭടന്മാരും ക്യാമറക്കണ്ണുകളും കടൽത്തീരത്ത് പാപ്പരാസികളും. അത് കാലത്തിന്റെ മാറ്റം. പോരെങ്കിൽ രാജ്യത്തിന്റ ഭരണാധികാരിയും. വിവേകാനന്ദപ്പാറയിൽ മോദി 45 മണിക്കൂർ ധ്യാനമിരുന്നത് ജ്ഞാനോദയം നേടാനാണെന്നായിരുന്നു ബി.ജെ.പി നോതാക്കൾ പറഞ്ഞത്. ജ്ഞാനോദയം ലഭിച്ചെങ്കിൽ 'അമാനുഷിക പ്രവൃത്തി" ഉടൻ പ്രതീക്ഷിക്കാം. അധികാരക്കസേര ഉറപ്പിക്കാനുള്ള മോദിയുടെ ധ്യാനം വെറും രാഷ്ട്രീയ സ്റ്റണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം.

 

'ന്യൂഡൽഹി" സിനിമ ഇറങ്ങിയതിനു ശേഷമാണോ ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയാണെന്ന് മലയാളികൾ അറിഞ്ഞു തുടങ്ങിയത്?'ഏയ് ഓട്ടോ" സിനിമ കണ്ടതിനു ശേഷമാണോ നമ്മൾ ഓട്ടോറിക്ഷയെക്കുറിച്ച് കേട്ടു തുടങ്ങിയത്? ഈ ചോദ്യം പോലെ വിഡ്ഢിത്തമാണ്, ബ്രിട്ടീഷുകാരനായ റിച്ചാർഡ് ആറ്റൻബറോ 1982-ൽ ഗാന്ധി സിനിമ ഇറക്കിയതിനു ശേഷമാണ് ഗാന്ധിജിയെക്കുറിച്ച് ലോകം അറിഞ്ഞുതുടങ്ങിയതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശമെന്നാണ് പ്രതിപക്ഷ വിമർശനം.

പന്ത്രണ്ടു വർഷം ഗുജറാത്ത് മുഖ്യമന്ത്രിയും പത്തു വർഷം ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന മോദിക്ക്

ലോകാരാദ്ധ്യനായ ഗാന്ധിജിയെ അറിയില്ലെന്നുണ്ടോ? അതും,​ സ്വന്തം നാട്ടുകാരനെ! മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്നതു പോലെയാണോ ഇതും. മോദി സ്കൂളിൽ പഠിച്ചിട്ടുണ്ടോ എന്നാണ് കോൺഗ്രസ് പ്രസിഡന്റ് ഖാർഗെയുടെ ചോദ്യം. എങ്കിൽ ഗാന്ധിജിയെക്കുറിച്ചും പഠിക്കുമായിരുന്നല്ലോ. ദൈവദൂതനെന്ന് അവകാശപ്പെടുന്ന മോദി കന്യാകുമാരിയിലെ ധ്യാനത്തിനു ശേഷം താൻ ദൈവമാണെന്ന് പറയുമോ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സംശയം. മാഷ് അപ്പോൾ മോദിയുടെ വിജയം ഉറപ്പിച്ചോ?

 

അണ്ണാൻകുഞ്ഞിനെ മരം കയറാൻ പഠിപ്പിക്കേണ്ട. തമ്മിൽത്തല്ലും കുതികാൽവെട്ടും ജന്മസിദ്ധമാക്കിയ കേരളത്തിലെ കോൺഗ്രസ് തറവാട്ടിലെ കുട്ടികളുടെ കാര്യവും അതുതന്നെ. ഒത്തു കൂടിയാൽ കൂട്ടത്തല്ല് ഉറപ്പ്. നെയ്യാർഡാമിൽ നടന്ന കെ.എസ്.യു മേഖലാ ക്യാമ്പിലും നടന്നു,​ ഗ്രൂപ്പ് തിരിഞ്ഞുള്ള തല്ല്. ക്യാമ്പിൽ പങ്കെടുത്ത ചിലർ മദ്യം ഉപയോഗിച്ചിരുന്നോ എന്നതിലും തർക്കം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത മൂന്നു ദിവസത്തെ ക്യാമ്പിലേക്ക് തലസ്ഥാനത്തുണ്ടായിരുന്നിട്ടും കെ.പി.സിസി അദ്ധ്യക്ഷൻ കെ.സുധാകരനെ അടുപ്പിച്ചില്ല. നല്ല ഗുരുത്വം! 'കുരുത്തക്കേട് " കാട്ടിയ കെ.എസ്.യു പ്രസിഡന്റിനെ ചെവിക്കുപിടിച്ച് പുറത്താക്കാനുള്ള നീക്കത്തിലാണത്രെ സുധാകരൻ. വോട്ടെടുപ്പ് ഫലം കൂടി വരട്ടെ എന്ന് സതീശ പക്ഷം. അതിലെന്തോ മുനയില്ലേ?

 

'കൃഷ്ണ വിലാസത്തിൽ ഭഗീരഥൻ പിള്ള.... വലിയ വെടി നാല്,​ ചെറിയ വെടി നാല്..." ഇത്തരം വെടിവഴിപാടുകളും പൂജകളും മാത്രമേ ശത്രുസംഹാരത്തിന്റെ പേരിൽ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഇപ്പോൾ നടക്കുന്നുള്ളൂ. മൃഗ ബലി നിയമ വിരുദ്ധമായി. കൂടോത്രവും ക്ഷുദ്രപ്രയോഗവും ദുർമന്ത്രവാദവുമൊക്ക ചിലയിടങ്ങളിൽ രഹസ്യമായി നടക്കുന്നുണ്ടാവാം. പക്ഷേ, കർണാടകത്തിലെ കോൺഗ്രസ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കട്ടായം പറയുന്നത്. തന്റെ സർക്കാരിനെ താഴെയിറക്കാൻ കണ്ണൂരിലെ രാജരാജേശ്വര ക്ഷേത്രപരിസരത്ത് കൂട്ട മൃഗബലി നടത്തിയെന്നാണ്.

ബലി കൊടുത്ത ആ‌ടിന്റെയും പോത്തിന്റെയും പന്നിയുടെയും എണ്ണവും ശിവകുമാർ കൃത്യമായി പറഞ്ഞു. കർണാടകത്തിലെ ഒരു നേതാവാണ് ഇതിനു പിന്നിലത്രെ. ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ ഈ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്.ശിവകുമാർ ഉദ്ദേശിച്ചത് അദ്ദേഹത്തെയാണോ? ക്ഷേത്രത്തിൽ അത്തരം ദുഷ്കർമ്മങ്ങൾ നടക്കാറില്ലെന്ന് ഭാരവാഹികൾ. ശിവകുമാറിന് ഭ്രാന്താണെന്ന് കണ്ണൂരുകാരനായ എം.വി. ഗോവിന്ദൻ മാഷും...

നുറുങ്ങ്-

 ജീവനക്കാരുടെ ശമ്പളവിഹിതം പിടിച്ച്,​ വിരമിച്ച ശേഷം പ്രതിമാസം തിരികെ നൽകുന്ന 'ജീവാനന്ദം" പദ്ധതിയുമായി സർക്കാർ.

□ഉള്ള കഞ്ഞിയിലും പാറ്റയിടുമോ എന്ന് ജീവനക്കാർ.

(വിദുരരുടെ ഫോൺ-99461 08221)