
മലപ്പുറം: 118. 12 ഗ്രാം MDMA, 0.93 ഗ്രാം LSD Stamp , 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയിൽ, എന്നിവ പിടിച്ചെടുത്ത കേസിൽ മൂന്നാം പ്രതി സക്കീർ ഹുസൈന് 21 വർഷം കഠിന തടവും 210000 /- രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയുടെ വിചാരണ പൂർത്തിയായിട്ടുണ്ടെങ്കിലും ഒളിവിൽ പോയതിനാൽ കോടതി ശിക്ഷ വിധിച്ചിട്ടില്ല.
ഒന്നാം പ്രതി കേസിന്റെ വിചാരണ പൂർത്തിയാക്കുന്നതിന് മുൻപേ ഒളിവിൽ പോയിരുന്നു. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
22.11.2020 ന് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖും പാർട്ടിയും ചേർന്നാണ് കേസ് എടുത്തത്. മാരക ലഹരി മരുന്നുകളുമായി, ഒന്നും രണ്ടും പ്രതികളായ, റമീസ് റോഷൻ (30), ഹാഷിബ് ശഹീൻ (29) എന്നിവരെ അന്ന് എക്സൈസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. കളിപ്പാട്ടങ്ങൾ, റെഡിമെയ്ഡ് ഡ്രസ് എന്നിവയുടെ കച്ചവടത്തിന്റെ മറവിൽ ഗോവയിൽ നിന്നും കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുന്നവരാണ് സംഘാംഗങ്ങൾ.
തുടർന്ന് നടന്ന കേസ് അന്വേഷണത്തിൽ മൂന്നാം പ്രതി, സക്കീർ ഹുസൈനും (37) പിടിയിലായി. ഇയാൾ ഗോവയിൽ നിന്നും ഒന്നും രണ്ടും പ്രതികൾക്ക് കളിപ്പാട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ച് കൊറിയർ സർവ്വീസ് വഴി അയച്ച് കൊടുത്ത 30 ഗ്രാം MDMA യും രാമനാട്ടുകരയിലെ കൊറിയർ സർവ്വീസിൽ നിന്നും കണ്ടെടുത്തു.
മഞ്ചേരി എൻ.ഡി.പി.എസ് കോടതി ജഡ്‌ജ് എം.പി. ജയരാജ് ആണ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.
മലപ്പുറം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ T. അനിൽ കുമാർ, കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ R.N ബൈജു എന്നിവരാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്.