salman-khan

മുംബയ്: സൽമാൻ ഖാനെ അപായപ്പെടുത്താൻ വലിയ രീതിയിലുളള ഗൂഢാലോചന നടന്നെന്ന് നവി മുംബയ് പൊലീസ്. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലുളളവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. മുംബയിലെ പൻവേലയിൽ താരത്തിന്റെ കാറിനുനേരെ ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ നീക്കമെന്നും സൂചനയുണ്ട്.

താരത്തെ ആക്രമിക്കാൻ പാകിസ്ഥാൻ ആയുധ വിൽപ്പനക്കാരിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ പദ്ധതിയിട്ടിരുന്നുവെന്നും വിവരമുണ്ട്. ലോറൻസ് ബിഷ്‌ണോയ്, അൻമോൻ ബിഷ്‌ണോയ്, സമ്പത്ത് നെഹ്റ, ഗോർഡി ബ്രാർ എന്നിവരുൾപ്പെടെ 17 പേർക്കെതിരെയാണ് എഫ്‌ഐആർ രജിസ്​റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും നവി മുംബയ് പൊലീസ് അറിയിച്ചു.

പ്രതികളിലൊരാളായ അജയ് കശ്വപ് സൽമാൻ ഖാന്റെ വീട്ടിലും ഫാം ഹൗസിലും നിരീക്ഷണം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. താരത്തിനെ ആക്രമിക്കാനുളള ഗൂഢാലോചനയിൽ പാകിസ്ഥാനിൽ നിന്നുളള ദോഗർ എന്ന വ്യക്തിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.പ്രതികൾ ഇയാളെ വീഡിയോ കോൾ വഴി ബന്ധപ്പെടുകയും എ കെ 47 തോക്കുകളും ഓർഡർ ചെയ്ത് എത്തിച്ചതായും സൂചനയുണ്ട്. പ്രായപൂർത്തിയകാത്തവരെ ഉപയോഗിച്ച് താരത്തെ ആക്രമിച്ച ശേഷം കന്യാകുമാരിയിൽ നിന്ന് ബോട്ട് മുഖേന ശ്രീലങ്കയിലേക്ക് രക്ഷപ്പെടാനുളള പദ്ധതിയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.