arrest

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ. കോഴിക്കോട് താമരശേരിയിലാണ് സംഭവം. പത്ത് വയസുള്ള പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 51കാരനാണ് അറസ്റ്റിലായത്.

അയൽവാസികളായ രണ്ട് പെൺകുട്ടികളെയും പ്രതി സ്വന്തം വീട്ടിൽവച്ച് അതിക്രമത്തിനിരയാക്കുകയായിരുന്നു. വിവരം കുട്ടികൾ സുഹൃത്തുക്കളോട് പറയുകയും ഇവർ രക്ഷിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ താമരശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, പത്തനംതിട്ടയിൽ എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്ന് കാഞ്ഞീറ്റുകരയിലെ വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കുട്ടിയെ ഇയാൾ സ്‌കൂട്ടറിൽ കയറ്റി കടയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാൽ പാലത്തിൽ വച്ച് ലൈംഗികചൂഷണത്തിന് വിധേയയാക്കിയെന്ന് പൊലീസ് പറഞ്ഞു. കുട്ടി വിവരം അറിയിച്ചതിനെതുടർന്ന് മാതാവ് കോയിപ്രം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പാലക്കാട് ഒമ്പത് വയസുകാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടാനച്ഛനാണ് കോടതി 80 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. രണ്ടാനച്ഛന് 80 വര്‍ഷം ശിക്ഷ വിധിച്ചതിന് പുറമേ കുട്ടിയുടെ അമ്മയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. പാലക്കാട് പട്ടാമ്പിയിലെ കോടതിയാണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്.