
കൊച്ചി: തൃപ്പൂണിത്തറയിൽ കാറിൽ കടത്തുകയായിരുന്ന കോടികളുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ടുപേർ പിടിയിലായി. പൊലീസ് പരിശോധനയ്ക്കിടെയാണ് ഇവരിൽ നിന്ന് എം.ഡി.എം.എ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കരിങ്ങാച്ചിറ ഭാഗത്ത് പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ കൈകാണിച്ചിട്ടും ഇവരുടെ കാർ നിറുത്താതെ പോയി. തുടർന്ന് പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. മറ്റു രണ്ടുപേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.
ബംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് പിടിയിലായ യുവതി. കൊച്ചിയിൽ സുഹൃത്തിനെ കാണാൻ എത്തിയതാണെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. ലഹരി വസ്തുക്കൾ എവിടെനിന്ന് വാങ്ങിയതെന്നുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വൻതോതിൽ ലഹരിവില്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണിവർ എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.