
ദുബായ് : അശ്ലീല പരാമർശ വിവാദത്തിൽ നടൻ ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഷെയ്ൻ നിഗം മാപ്പുപറഞ്ഞത്.
ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയെക്കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ അടക്കം വിമർശനമുയർന്നത്. തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ൻ നിഗം വിശദീകരിച്ചു. ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഷെയ്ൻ പറഞ്ഞു.
ഷെയ്ൻ നിഗമിന്റെ പുതിയ ചിത്രമായ ലിറ്റിൽ ഹാർട്സ് ഈ മാസം ഏഴിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ടായിരുന്നു വാർത്താസമ്മേളനം. ചിത്രത്തിലെ നായിക മഹിമ നമ്പ്യാരും നിർമ്മാതാവ് സാന്ദ്രാതോമസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഷെയ്ൻ നിഗം, മഹിമാ നമ്പ്യാർ, ബാബുരാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കു പുറമേ ഷൈൻ ടോം ചാക്കോ, രൺജി പണിക്കർ, ജാഫർ ഇടുക്കി, ഐമാ സെബാസ്റ്റ്യൻ, രമ്യാ സുവി, മാലാ പാർവതി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്, വിൽസൻ തോമസ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.