
തന്റെ 15 വർഷത്തെ കാത്തിരിപ്പിന് അവസാനം സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കുവച്ച് പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ്. 15 വർഷം മുൻപ് വീട് വച്ചപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു കഥകളി രൂപത്തിലുള്ള ഒരു ഗേറ്റ് തന്റെ വീടിന് ഒരുക്കണമെന്ന്. ഇപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമായതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം റയുന്നു. ഗേറ്റിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ വിവരിച്ചാണ് വീഡിയോ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഗേറ്റ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും അദ്ദേഹം വിവരിക്കുന്നു.
സാധാരണ ഗേറ്റിൽ നിന്ന് വ്യത്യസ്തമാകണം എന്നതു കൊണ്ടാണ് കഥകളി രൂപമുള്ള ഗേറ്റ് തിരഞ്ഞെടുത്തതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. . സ്ക്വയർ പൈപ്പിലും ജി.ഐ ഷീറ്റിലുമാണ് ഗേറ്റിന്റെ നിർമ്മാണം. 13 അടി വീതിയും എട്ടടി ഉയരവുമാണ് ഗേറ്റിനുള്ളത്. കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത ശേഷം ജി,ഐ ഷീറ്റുകൾ ഒരു നിശ്ചിത അകലത്തിൽ സി.എൻ.സി കട്ട് ചെയ്തെടുത്ത് ഓരോ ലെയറിന് മുകളിലും വ്യത്യസ്ത് പീസുകൾ വെൽഡ് ചെയ്ത് ചേർത്തിരിക്കുന്നു. അവ പ്രോജക്ട് ചെയ്ത് നിൽക്കുന്ന രീതിയിലാണ് നിർമ്മാണം. സാധാരണ കഥകളി രൂപത്തിൽ നിന്നും വ്യത്യസ്തമായ നിറങ്ങൾ ഗേറ്റിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്. കഥകളി രൂപത്തിലെ കണ്ണുകൾ ചലിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഗേറ്റിന് ചേർന്ന മതിലാണ് ഇതിനൊപ്പം അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്.
വിവിധ പക്ഷിമൃഗാദികളുടെ രൂുപങ്ങളാണ് മതിലിന് ഭംഗി നൽകുന്നത്. സ്വന്തം കലയും സ്വന്തം പണവും സ്വപ്നവും ചേർത്ത് പണിതതു കൊണ്ട് അധികം ചെലവു വന്നില്ലെന്നും ഡാവിഞ്ചി സുരേഷ് പറയുന്നു. നിരവധി പേർ അദ്ദേഹത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.