mv-govindan

കോട്ടയം: എക്‌സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സിപിഎം വിലയിരുത്തൽ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നാണ് നിഗമനം. അതുതന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ആ വിലയിരുത്തലിൽ മാറ്റമില്ല. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. തിരുവനന്തപുരത്തും തൃശൂരും ബിജെപി ജയിക്കില്ല. എക്സിറ്റ് പോളിൽ ഒന്നും വലിയ കാര്യമില്ല. നാലാം തീയതി കാണാം', വി ഗോവിന്ദൻ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരുന്നു. കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സ‌ർവേ ഫലം. യുഡിഎഫിന് 17 മുതൽ 19 സീറ്റ് വരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയും നേടുമെന്നും എബിപി ന്യൂസ് പ്രവചിക്കുന്നു. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.

ടെെംസ് നൗവിന്റെ എക്സിറ്റ് പോൾ ഫലം അനുസരിച്ച് എൽഡിഎഫ് കേരളത്തിൽ നാല് സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 14മുതൽ 15 വരെയും എൻഡിഎ ഒന്നും നേടുമെന്നാണ് ടെെംസ് നൗവിന്റെ പ്രവചനം. എൻഡിഎ തൃശൂരിൽ ജയിക്കുമെന്നാണ് പ്രവചനം.

ഇന്ത്യ ടുഡേ - ആക്‌സിസ് മെെ ഇന്ത്യയുടെ സർവേ ഫലം അനുസരിച്ച് കേരളത്തിൽ എൻഡിഎ ഒരു സീറ്റ് നേടും. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്നാണ് ഇന്ത്യ ടുഡേയുടെ പ്രവചനം. യുഡിഎഫ് 17മുതൽ 18 സീറ്റ് വരെയും എൽഡിഎഫ് ഒരു സീറ്റ് വരെയും നേടുമെന്ന് പ്രവചനമുണ്ട്.

ഇന്ത്യടിവി - സിഎൻഎക്‌സിന്റെ സർവേ ഫലവും യുഡിഎഫിന് അനുകൂലമാണ്. യുഡിഎഫ് - 13 മുതൽ 15 വരെ സീറ്റുകൾ നേടാൻ സാദ്ധ്യതയുണ്ട്. എൽഡിഎഫ് മൂന്ന് മുതൽ അഞ്ചും എൻഡിഎ ഒന്ന് മുതൽ മൂന്നും സീറ്റുകൾ നേടാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.

കേരളത്തിൽ യുഡിഎഫിന് മുൻതൂക്കമെന്നാണ് ജൻ കി ബാത്തിന്റെ പ്രവചനം. 14 മുതൽ 17 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നും എൽഡിഎഫ് മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെ നേടുമെന്നുമാണ് പ്രവചനം. ബിജെപി പൂജ്യം മുതൽ ഒരു സീറ്റിന് വരെയുള്ള സാദ്ധ്യതയാണ് പറയുന്ന്.