
കൊല്ലം : കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകൽ വീട്ടമ്മയെ പീഡിപ്പിച്ചു. കൊല്ലം ചിതറയിലാണ് യൂവാവ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചത്. ചിതറ ചള്ളിമുക്ക് സ്വദേശിയായ വിഷ്ണുവിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു, വീട്ടിൽ ഈ സമയത്ത് യുവതിയുടെ ഭർത്താവും കുട്ടിയും ഇല്ലായിരുന്നു. ആദ്യം ഒരു ഗ്ലാസ് വെള്ളം കൊടുത്തപ്പോൾ ഇയാൾ ഒരു ഗ്ലാസ് കൂടി ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി യുവതി അടുക്കളയിലേക്ക് പോയപ്പോൾ അകത്തു കയറിയ പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടിരക്ഷപ്പെട്ടു. തുടർന്ന് വിവരം അയൽക്കാരെയും ബന്ധുക്കളെയും അറിയിച്ചു. പിന്നാലെ നാട്ടുകാർ പ്രദേശത്ത് നിന്ന് തന്നെ പിടികൂടി ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയും നിരവധി കേസുകളിൽ പ്രതിയുമാണെന്ന് ചിതറ പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 51കാരൻ അറസ്റ്റിലായി. . കോഴിക്കോട് താമരശേരിയിലാണ് സംഭവം. അയൽവാസികളായ രണ്ട് പെൺകുട്ടികളെയും പ്രതി സ്വന്തം വീട്ടിൽവച്ച് അതിക്രമത്തിനിരയാക്കുകയായിരുന്നു. വിവരം കുട്ടികൾ സുഹൃത്തുക്കളോട് പറയുകയും ഇവർ രക്ഷിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ താമരശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്.