
ന്യൂയോർക്ക്: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 60 റൺസിന്റെ ഗംഭീര ജയം. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത ടീം ഇന്ത്യയുടെ ആത്മവിശ്വം ഉയർത്തുന്നതായി ഈ വിജയം.
ന്യൂയോർക്കിലെ നാസ്സൊ കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയം വേദിയായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസേ നേടാനായുള്ളൂ.ഇന്ത്യയ്ക്കായി അർഷ്ദീപും ശിവം ദുബെയും 2 വിക്കറ്റ് വീതം വീഴ്ത്തി. ബുംറ, സിറാജ്, ഹാർദിക്, അക്ഷർ എന്നിവർക്ക് ഓരോവിക്കറ്റ് വീതവും നേടാനായി. മഹമ്മദുള്ളയ്ക്കും (40, റിട്ടയേർഡ്), ഷാക്കിബിനും (28) മാത്രമാണ് ബംഗ്ലാബാറ്റർമാരിൽ പിടിച്ചു നിൽക്കാനായുള്ളൂ.
പന്ത് തിളങ്ങി
ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിയിൽ കളിക്കളത്തിലിറങ്ങിയ റിഷഭ് പന്ത് (32 പന്തിൽ 54 റിട്ടയേർഡ്) തകർപ്പൻ ബാറ്റിംഗുമായി തിരിച്ചുവരവ് ഗംഭരീമാക്കി. പന്താണ് ഇന്ത്യയുടെ ടോപ് സകോറർ.
ഐ.പി.എല്ലിൽ നിറം മങ്ങിപ്പോയ ഹാർദിക് പാണ്ഡ്യയും ( പുറത്താകാതെ 23 പന്തിൽ 40) തിളങ്ങി. സൂര്യ കുമാർ യാദവ് (18 പന്തിൽ 31), ക്യാപ്ടൻ രോഹിത് ശർമ്മ (23) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു.
സഞ്ജുവിന് നിരാശ
അതേസമയം രോഹിതിനൊപ്പം ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. 6 പന്ത് നേരിട്ട താരത്തിന് 1 റൺസേ നേടാനായുള്ളൂ.സഞ്ജുവിനെ ഷൊറിഫുൾ ഇസ്ലാം രണ്ടാം ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഔട്ടായിരുന്നോയെന്ന് സംശയമുണ്ടായിരുന്നെങ്കിലും സന്നാഹത്തിൽ ഡി.ആർ.എസ് ഇല്ലാത്തതിനാൽ റിവ്യു കൊടുക്കാനായില്ല. ബംഗ്ലാദേശിനായി മെഹദി, ഷൊറിഫുൾ,മഹമ്മദുള്ള, തൻവീർ എന്നിവർ ഓരോ വിക്കറ്റ് വീതംവീഴ്ത്തി.