ahamed-devarkovil-

തിരുവനന്തപുരം: മുൻ മന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിൽ മുസ്ലീംലീഗിലേക്ക് ചേക്കേറുന്നു എന്ന് റിപ്പോർട്ട്. ഇതിനായുളള പ്രാഥമിക ചർച്ചകൾ നടന്നുവെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക എന്നുമാണ് റിപ്പോർട്ട്. ലീഗിലെ കെഎം ഷാജിയാണ് ദേവർകോവിലുമായി ചർച്ചകൾ നടത്തുന്നത്. എന്നാൽ ഔദ്യോഗിക ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നാണ് കെഎം ഷാജി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്.

അതേസമയം, പ്രചരിക്കുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും ഐഎൻഎല്ലിലും ഇടതുമുന്നണിയിലും ഉറച്ചുനിൽക്കുമെന്നുമാണ് അഹമ്മദ് ദേവർകോവിൽ പറയുന്നത്. സമസ്ത- ലീഗ് വിഷയത്തിലെ തന്റെ അഭിപ്രായം തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത- ലീഗ് വിഷയം രമ്യമായി പരിഹരിക്കണമെന്നും ഇരുകൂട്ടർക്കും ഇടയിലെ തർക്കം ചിലർ മുതലെടുക്കാൻ ശ്രമിക്കുന്നു എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സിപിഎമ്മിന്റെ നയങ്ങൾക്ക് വിരുദ്ധമായിരുന്നു ഇത്. സമസ്തയെ ഹൈജാക്ക് ചെയ്യാൻ ലീഗ് ശ്രമിക്കുന്നു എന്നാണ് സിപിഎം പറയുന്നത്.

നേരത്തേതന്നെ ഐഎൻഎല്ലിലെ പ്രവർത്തന രീതിയോട് സിപിഎമ്മിന് അത്ര താത്പര്യമില്ലെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. പാർട്ടിയിലെ വിഭാഗീയതയും തുടർന്നുള്ള പരസ്യ വിഴുപ്പലക്കലുമായിരുന്നു ഇതിന് കാരണം.2021ൽ കൊച്ചിയിൽ ചേർന്ന പാർട്ടിയിലെ യോഗത്തിലുണ്ടായ വാക്കേറ്റവും തുടർന്ന് പരസ്പരം പുറത്താക്കിയതുമാണ് സിപിഎമ്മിനെ ഏറെ ചൊടിപ്പിച്ചത്. ഈ ഘട്ടത്തിൽ മന്ത്രിസ്ഥാനം തിരിച്ചെടുക്കാൻ സിപിഎമ്മും ഇടതുമുന്നണിയും ആലോചിക്കുന്നു എന്നതരത്തിലും വാർത്തകൾ ഉണ്ടായിരുന്നു.

പിഎസ്‌സി അംഗത്വത്തിനായി കാസിം ഇരിക്കൂർ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ഒരുവിഭാഗം ആരോപിച്ചതും സിപിഎമ്മിന്റെ കടുത്ത അമർഷത്തിനിടയാക്കിയിരുന്നു. മുസ്ലീം സംഘടനകൾക്കിടയിൽ ആധിപത്യം സ്ഥാപിക്കാൻ ലീഗ് നേതൃത്വം ശ്രമിക്കുന്നതിനാൽ ഐഎൻഎലിനെ കൂടെ നിറുത്തേണ്ടത് സിപിഎമ്മിന് ആവശ്യമായിരുന്നു. അതിനാലാണ് സിപിഎം ഇടപെട്ട് തർക്കങ്ങൾ ഒതുക്കിതീർത്ത് മുന്നോട്ടുപോയത്. അതിനിടെ തന്നെ ഐഎൻഎല്ലിലെ ഒരു വിഭാഗത്തെ അടർത്തിമാറ്റി പഴയ ലാവണത്തിലെത്തിക്കാൻ ലീഗ് ശ്രമിച്ചുകൊണ്ടിരുന്നു. ഇതിൽ ഇപ്പോൾ ഏറക്കുറെ വിജയിച്ചു എന്നതരത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. എൽഡിഎഫിൽ നിന്ന് ഉടൻ വിട്ടുപോകില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഇതുണ്ടാവും എന്നാണ് ചില കേന്ദ്രങ്ങൾ നൽകുന്ന സൂചന.

രണ്ടാം പിണറായി സർക്കാരിൽ തുറമുഖ - മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിൽ മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഇക്കഴിഞ്ഞ ഡിംസംബറിലാണ് രാജിവച്ചത്. അദ്ദേഹത്തിനൊപ്പം ഗതാഗതാ വകുപ്പ് മന്ത്രിയായ ആന്റണി രാജുവും രാജിവച്ചിരുന്നു. പൂർണ സംതൃപ്തിയോടെയാണ് ടേം പൂർത്തിയാക്കുന്നതെന്നും മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നുമാണ് രാജിക്കത്ത് സമർപ്പിച്ചശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.