sushanth

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ നാലാം ചരമ വാർഷികത്തിന് മുന്നോടിയായി കേദാർനാഥ് ക്ഷേത്രം സന്ദർശിച്ച് സഹോദരി ശ്വേത സിംഗ് രജ്പുത്. നടന്റെ ഓർമകൾ വീണ്ടെടുക്കുന്നതിനായി സന്ദർശനം നടത്തിയെന്നാണ് ശ്വേത വ്യക്തമാക്കിയത്. മരിക്കുന്നതിന് മുൻപ് സുശാന്ത് കേദാർനാഥിൽ സന്ദർശനം നടത്തിയപ്പോൾ എടുത്ത ചില ചിത്രങ്ങളും സഹോദരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രങ്ങൾ പുറത്തുവന്നത്.

'ഇന്ന് ജൂൺ ഒന്ന്. ജൂൺ പതിനാലിനാണ് ഞങ്ങൾക്ക് സുശാന്തിനെ നഷ്ടപ്പെട്ടത്. നാല് വർഷം പിന്നിടുമ്പോഴും സഹോദരന് ആ ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയാനുളള ഉത്തരത്തിനായി അന്വേഷിക്കുകയാണ്. സുശാന്തുമായി കൂടുതൽ അടുക്കാനാണ് ഞാൻ കേദാർനാഥിലെത്തി പ്രാർത്ഥിച്ചത്. ഇവിടെയെത്തിയപ്പോൾ തന്നെ എനിക്ക് വളരെയധികം വിഷമം തോന്നി. കണ്ണീർ നിയന്ത്രിക്കാൻ സാധിച്ചില്ല. ഇവിടെ കുറച്ച് സമയം നടന്നു. അപ്പോഴേക്കും കരയാൻ ആരംഭിച്ചു.

സുശാന്തിന്റെ സാന്നിദ്ധ്യം എനിക്ക് ഇവിടെ അനുഭവിച്ചറിയാൻ സാധിച്ചു. അവനെ വാരിപ്പുണരാൻ എനിക്കുതോന്നി. സുശാന്തിരുന്ന സ്ഥലത്ത് ഞാനും ഇരുന്ന് ധ്യാനിച്ചു. ആ നിമിഷങ്ങളിൽ അവൻ എന്റെയൊപ്പം ഉണ്ടെന്ന് തോന്നി. എന്നിലൂടെ അവൻ ജീവിക്കുന്നു. അവൻ ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല. ഇവിടെ ഇന്റർനെ​റ്റ് സംവിധാനം അധികം ലഭ്യമായിരുന്നില്ല. കാറിലിരുന്നപ്പോൾ ഞാൻ ഇൻസ്​റ്റഗ്രാമിൽ ഒരു ഫോട്ടോ കണ്ടു. ഇവിടെ ഒരു സന്ന്യാസിയോടൊപ്പമുളള സുശാന്തിന്റെ ഫോട്ടോ കാണാൻ ഇടയായി. എനിക്കും ആ സന്ന്യാസിയെ കാണാൻ സാധിച്ചു. ദൈവത്തിന് നന്ദി പറയുന്നു'- ശ്വേത പോസ്റ്റിൽ കുറിച്ചു.

View this post on Instagram

A post shared by Shweta Singh Kirti (@shwetasinghkirti)

2020 ജൂൺ 14നാണ് മുംബയിലെ അപ്പാർട്ട്മെന്റിൽ സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണത്തിനുപിന്നിലുളള ദുരൂഹത ഇന്നും വ്യക്തമായിട്ടില്ല. നിലവിൽ അന്വേഷണം തുടരുകയാണ്. മരിക്കുമ്പോൾ സുശാന്തിന് 34 ആയിരുന്നു പ്രായം. അമേരിക്കൻ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇൻ അവർ സ്റ്റാറിന്റെ റീമേക്കായ ദിൽബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് നീണ്ടു പോയി. 2019ൽ പുറത്തിറങ്ങിയ ഡ്രൈവ് ആണ് താരത്തിന്റെ അവസാനമായി തീയേറ്ററിലെത്തിയ ചിത്രം.