chia-seed

സൗന്ദര്യ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുന്നവരുണ്ട്. നല്ല മൂക്കും ചുണ്ടും എല്ലാം സ്വന്തമാക്കാനായി ലക്ഷങ്ങൾ മുടക്കി സൗന്ദര്യ ചികിത്സ നടത്തിയവരെക്കുറിച്ചുള്ള കഥകളും നമ്മൾ കേൾക്കാറുണ്ട്.

ബ്യൂട്ടീപാർലറിൽ പോയി ഫേഷ്യൽ ചെയ്യാത്ത എത്ര പേർ ഉണ്ട്? വിവാഹത്തിനെങ്കിലും ഫേഷ്യൽ ചെയ്യാത്തവരുണ്ടാകില്ല. ഗോൾഡൻ അടക്കം പല തരത്തിലുള്ള ഫേഷ്യലുകൾ നമ്മുടെ സമീപത്തുള്ള ബ്യൂട്ടീപാർലറുകളിൽ ചെയ്‌തുതരും. ജി എസ് ടി അടക്കം ആയിരത്തിന് മുകളിൽ നൽകേണ്ടിവരും. ചുരുക്കി പറഞ്ഞാൽ ചർമം തിളങ്ങുമ്പോഴേക്ക് പോക്കറ്റ് കാലിയാകുമെന്ന് സാരം.

പോക്കറ്റ് കാലിയാകാതെ മുഖം തിളങ്ങാൻ നിങ്ങൾക്ക് വേണമെങ്കിൽ കൊറിയക്കാരുടെ ഒരു ബ്യൂട്ടി സീക്രട്ട് പരീക്ഷിക്കാം. ചിയ സീഡും പാലും മാത്രമേ ഈ ഹെയർ മാസ്ക് ഉണ്ടാക്കാൻ ആവശ്യമുള്ളൂ. പല ബ്രാൻഡുകളിലുള്ള ചിയാ സീഡ് മാർക്കറ്റിൽ ലഭ്യമാണ്. അമ്പത്‌ രൂപ തൊട്ട് പല വിലയിൽ സാധനം ലഭ്യമാണ്. അത്യാവശ്യം ക്വാളിറ്റിയുള്ളത് വേണം തിരഞ്ഞെടുക്കാൻ.

തയ്യാറാക്കുന്ന വിധം

നാല് ടേബിൾ സ്പൂൺ പാലിലേക്ക് രണ്ട് ടീസ്പൂൺ ചിയാ സീഡ് ഇട്ടുകൊടുക്കുക. ഇത് നന്നായി യോജിപ്പിക്കുക. അഞ്ച് മിനിട്ട് മാറ്റിവയ്ക്കാം. ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി അടിച്ചെടുക്കാം. ഇങ്ങനെ മിക്സിയിലിട്ട് അടിച്ചില്ലെങ്കിലും പ്രശ്നമില്ല. വേണമെങ്കിൽ നേരിട്ട് മുഖത്തും കഴുത്തിലും തേച്ചുകൊടുക്കാം. പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയാം.

ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ചിയാ സീഡ് മുഖക്കുരു, സൺടാൻ പോലുള്ള ചർമ്മപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. ജലാംശം നിലനിർത്താനും മുഖം തിളങ്ങാനും ഇത് സഹായിക്കുന്നു.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, എല്ലാവരുടെയും ചർമം ഒരുപോലെയല്ല, സെൻസീറ്റീവ് സ്‌കിന്നുള്ളവരോ അലർജിയുള്ളവരോ ഒക്കെ പാച്ച് ടെസ്റ്റ് ചെയ്ത് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ എന്തും മുഖത്ത് തേക്കാവൂ.

ചർമപ്രശ്നങ്ങൾക്ക് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ചിയാ സീഡ് സഹായിക്കും. നിറയെ പോഷകഗുണങ്ങളടങ്ങിയ ചിയാ സീഡ്‌ ദിവസവും കൃത്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആഴ്ചകൾ കൊണ്ട് ശരീര ഭാരം കുറയ്ക്കാമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

പതിവായി ചിയാ സീഡ് കഴിക്കുന്നതിലൂടെ പ്രമേഹ രോഗം വരാനുളള സാദ്ധ്യതയും കുറയ്ക്കാം. ഓർമശക്തിയും വർദ്ധിപ്പിക്കും. ഇതിൽ ഒമേഗ 3 ഫാ​റ്റി ആസിഡിന് പുറമേ ഫൈബർ,പ്രോട്ടീൻ, ആന്റീഓക്സിഡന്റുകൾ, കാൽസ്യം,മഗ്നീഷ്യം,വൈ​റ്റമിൻ സി,ബി,ഇ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ചിയാ സീഡിൽ സാൽമൺ മത്യത്തേക്കാൾ കൂടുതൽ ഒമേഗ 3 ഫാ​റ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ചീരയേക്കാളും ഇരുമ്പ് അടങ്ങിയിട്ടുണ്ട്.കൂടാതെ പാലിനെക്കാളും കാൽസ്യവും അടങ്ങിയിട്ടുണ്ട്.