
ന്യൂഡൽഹി: എക്സിറ്റ് പോളുകൾ രാജ്യത്ത് ബിജെപിക്ക് മൂന്നാം ഊഴം ഉറപ്പുപറയുമ്പോഴും ഒരാൾ ജയിക്കുമോ തോൽക്കുമോ എന്നറിയാണ് ജനങ്ങൾക്ക് ഏറെ താൽപ്പര്യം. സാക്ഷാൽ രാഹുൽ ഗാന്ധിയാണ് അത്. റായ്ബറേലിയിൽ രാഹുൽ ജയിക്കുമോ തോൽക്കുമോ എന്നാണ് അവർക്ക് അറിയേണ്ടത്. ഓൺലൈനിൽ ഇക്കാര്യം തിരയുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞതവണ കേരളത്തിലെ വയനാട്ടിലും ഉത്തർപ്രദേശിലെ അമേഠിയിലും മത്സരിച്ച് രാഹുൽ രണ്ട് മത്സരങ്ങളിലും ജയിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. പക്ഷേ, ഫലം വന്നപ്പോൾ കാര്യങ്ങൾ കൈവിട്ടു. അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പൊട്ടി. എന്നാൽ വയനാട്ടിൽ മിന്നും ജയം സ്വന്തമാക്കുകയും ചെയ്തു.
ഇത്തവണ ആരോഗ്യപ്രശ്നങ്ങൾ മൂലം മത്സരരംഗത്തുനിന്ന് സോണിയാ ഗാന്ധി പിന്മാറിയതോടെയാണ് റായ്ബറേലിയിൽ രാഹുൽ സ്ഥാനാർത്ഥിയാവുന്നത്. പ്രതീക്ഷയ്ക്ക് വകനൽകി റായ്ബറേലിയിൽ രാഹുൽ വിജയിക്കുമെന്നാണ് ഇടിജി സർവേയിൽ പറയുന്നത്. സോണിയയുടെ സ്ഥിരം മണ്ഡലമായ റായ്ബറേലിയുമായി കോൺഗ്രസിന് വൈകാരികമായ ബന്ധമാണുള്ളത്. അത്തരത്തിലൊരു മണ്ഡലത്തിൽ പരാജയപ്പെടുക എന്നത് പാർട്ടിയെ സംബന്ധിച്ച് സഹിക്കാനാവുന്നതിനും അപ്പുറമാണ്. അതിനാൽ തന്നെ റായ്ബറേലിയിലെ ഫലത്തെക്കുറിച്ചുള്ള എക്സിറ്റ് പോൾ കോൺഗ്രസിന് നൽകുന്ന ആശ്വാസം ചില്ലറയല്ല.കഴിഞ്ഞതവണ വിജയിച്ച കേരളത്തിലെ വയനാട് മണ്ഡലത്തിലും രാഹുൽ മത്സരിക്കുന്നുണ്ട്. രണ്ട് മണ്ഡലത്തിലും വിജയിച്ചാൽ രാഹുൽ വയനാട് ഉപേക്ഷിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെതിരെ സിപിഎം ഉൾപ്പടെയുള്ളവർ എതിർപ്പുമായി എത്തിരുന്നു.
എന്നാൽ, അമേഠിയിൽ കോൺഗ്രസിന് ഇത്തവണയും പരാജയമായിരിക്കും എന്നാണ് എക്സിറ്റ് പോൾ പറയുന്നത്. കഴിഞ്ഞതവണ സ്മൃതി ഇറാനിയോടാണ് രാഹുൽ ഇവിടെ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ ഭൂരിപക്ഷവും സ്മൃതി ഇറാനി നേടുകയും ചെയ്യുമത്രേ. തുടർച്ചയായി രണ്ടാം തവണയാണ് സ്മൃതി ഇവിടെനിന്ന് ജനവിധി തേടുന്നത്.
കഴിഞ്ഞദിവസമാണ് രാജ്യത്ത് എക്സിറ്റ്‌പോൾ ഫലം പുറത്തുവന്നത്. രാജ്യത്ത് മൂന്നാമതും മോദി തരംഗമെന്ന് വ്യക്തമായ സൂചനയാണ് എക്സിറ്റ് പോളുകൾ നൽകിയത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും എന്നാൽ, സീറ്റുകൾ തൂത്തുവാരുന്നത് യു.ഡി.എഫ് ആയിരിക്കുമെന്നുമാണ് പ്രവചനം. എൽ.ഡി.എഫിന് 5 വരെ സീറ്റ് പ്രവചിക്കുന്നു.ലോക് സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്നലെ വൈകിട്ട് പൂർത്തിയായതിനു തൊട്ടുപിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്.
നാനൂറിലേറെ സീറ്റുകൾ ലക്ഷ്യംവച്ച ബി.ജെ.പി മുന്നൂറ്റി അൻപതിലേറെ സീറ്റുകൾ നേടി തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നാണ് മിക്ക സർവേ ഫലങ്ങളിലും പറയുന്നത്. അതേസമയം കോൺഗ്രസിന് 2019ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ കിട്ടും. പശ്ചിമ ബംഗാളിൽ സി.പി.എം-കോൺഗ്രസ് സഖ്യത്തിന് ഒരു സീറ്റുപോലും കിട്ടില്ല. തൃണമൂലിനെ പിന്നിലാക്കി ബി.ജെ.പിയായിരിക്കും അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് മൂന്നു സർവെകളിൽ പറയുന്നു.
കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളാകും എൻ.ഡി.എ വിജയത്തിന്റെ അടിത്തറ. യു.പിയും എൻ.ഡി.എയ്ക്ക് അനുകൂലമാണ്. ഡൽഹിയിൽ കോൺഗ്രസ്-ആംആദ്മി പാർട്ടി സഖ്യത്തെ മറികടന്ന് ബി.ജെ.പി ഏഴു സീറ്റും നിലനിറുത്തും.തമിഴ്നാട്ടിൽ ഡി.എം.കെ നേതൃത്വത്തിലുള്ള 'ഇന്ത്യ' ആധിപത്യം സ്ഥാപിക്കുമെങ്കിലും എൻ.ഡി.എ സഖ്യം മൂന്നു സീറ്റുകളെങ്കിലും നേടും.
ഹിന്ദി ബെൽറ്റിലെ ബീഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ എൻ.ഡി.എയ്ക്ക് സീറ്റു കുറയും.ബീഹാറിലും മഹാരാഷ്ട്രയിലും തെലങ്കാനയിലും എൻ.ഡി.എ-'ഇന്ത്യ' മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രാപ്രദേശിൽ വൈ.എസ്. ആർ.കോൺഗ്രസിനെക്കാൾ ടി.ഡി.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന് അനുകൂലമാണ് സർവെ ഫലങ്ങൾ.