flag

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി മൂന്നു സീറ്റുവരെ നേ‌ടിയേക്കാമെന്നും വോട്ട് ശതമാനത്തിൽ വലിയ മുന്നേറ്റം നടത്തുമെന്നുമുള്ള എക്സിറ്റ് പോൾ ഫലങ്ങൾ എൽ.ഡി.എഫ്, യു.ഡി.എഫ് ക്യാമ്പുകളിൽ ഉൾക്കിടലമായി. നാളെ വോട്ടെണ്ണുന്നതു വരേയുള്ളൂ ഈ പ്രവചനങ്ങളുടെ ആയുസെങ്കിലും ആപൽ സാദ്ധ്യത നേതാക്കളുടെ ഉറക്കം കെടുത്തുന്നു.

ബി.ജെ.പി ഇത്തവണയും ഒരു സീറ്റും നേടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇരുമുന്നണികളും. പതിമൂന്ന് പ്രമുഖ ഏജൻസികളുടെ സർവേകളിലും ബി.ജെ.പിക്ക് ഒന്നു മുതൽ മൂന്നു സീറ്റുവരെ പ്രവചിച്ചതോടെയാണ് ആശങ്കയേറിയത്.

2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 15 ശതമാനമായിരുന്ന ബി.ജെ.പിയുടെ വോട്ടു വിഹിതം 23 മുതൽ 27വരെ ഉയരുമെന്നാണ് സർവേകളിൽ പറയുന്നത് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ടു വിഹിതത്തിൽ 8 മുതൽ 10 ശതമാനംവരെ കുറവുണ്ടാവുമെന്നും പ്രവചിക്കുന്നു. ഇതാണ് ഇരുമുന്നണികളേയും ‌ആശങ്കപ്പെടുത്തുന്നത്. ബി.ജെ.പിയുടെ കടന്നുകയറ്റം വിള്ളൽ വീഴ്ത്തുക എൽ.ഡി.എഫിന്റെ പരമ്പരാഗത ഈഴവ, മുസ്ലീം വോട്ടുകളിലും യു.ഡി.എഫിന്റെ ക്രിസ്ത്യൻ വോട്ടുകളിലുമെന്നാണ് വ്യാഖ്യാനം.

പരസ്പരം കുത്തി നേതാക്കൾ

എക്സിറ്റ് പോൾ ഫലങ്ങളെ പുറമേ തള്ളിപ്പറയുമ്പോഴും ബി.ജെ.പി കൈവരിക്കുമെന്ന് പറയുന്ന മുന്നേറ്റത്തിന്റെ പേരിൽ പരസ്പരം കുത്താനും സി.പി.എം, കോൺഗ്രസ് നേതാക്കൾ മടിക്കുന്നില്ല. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ അതിന്റെ ഉത്തരവാദിത്വം കോൺഗ്രസിനാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ. എങ്കിലത് സി.പിഎം വോട്ടു മറിച്ചു കൊടുത്തിട്ടാവാമെന്ന് കെ.മുരളീധരന്റെ തിരിച്ചടി.

ബി.ജെ.പി ലക്ഷ്യം നിയമസഭ

മിക്ക സർവേകളും തിരുവനന്തപുരം, ആറ്റിങ്ങൽ, ത‌ൃശൂർ സീറ്റുകൾ ബി.ജെ.പിക്ക് നീക്കിവച്ചപ്പോൾ, ഒരു സ‌ർവേയിൽ പത്തനംതിട്ടയും അവരുടെ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

എക്സിറ്റ് പോൾ ഫലങ്ങളിൽ ആവേശം പൂണ്ട സംസ്ഥാന ബി.ജെ.പി നേതൃത്വം അടുത്ത ലക്ഷ്യം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പാണെന്ന് പറയുന്നു. ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറന്നില്ലെങ്കിലും ഭാവിയിൽ കേരളത്തിൽ ഭരണം പിടിക്കാമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രതികരണവും ഇതിനോടു ചേർത്ത് വായിക്കാം.