jh-bg

അഹമ്മദാബാദ്: പൂനെയിൽ 17കാരൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് പേ‌ർ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുംമുമ്പ് സമാനരീതിയിൽ മറ്റൊരു അപകടം.

ഗുജറാത്തിലെ അഹമ്മദാബാദിൽ 17കാരൻ ഓടിച്ച ആഡംബര കാറിടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.

17കാരനെ കസ്റ്റഡിയിലെടുത്തു. പ്രഥമദൃഷ്ട്യാ, ഇയാൾ മദ്യപിച്ചതായോ മയക്കുമരുന്ന് ഉപയോഗിച്ചതായോ കരുതുന്നില്ലെന്ന് ഗുജറാത്ത് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഹെബാത്പുർ സ്വദേശിയായ 17കാരൻ ഓടിച്ച ഫോർച്യൂണർ കാർ തൽതേജ് പ്രദേശത്തുവച്ച് നടന്നുപോകുകയായിരുന്ന 16കാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗതയിലായിരുന്നു വാഹനം. അപകട ശേഷം നിയന്ത്രണം വിട്ട വാഹനം തൊട്ടടുത്ത് ഇടിച്ചുനിന്നു.

പെൺകുട്ടിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. അതിനിടെ, 17കാരൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. വാഹനത്തിൽ 17കാരന്റെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

സഹോദരന്റെ പേരിലുള്ള കാറാണ് ഓടിച്ചതെന്നാണ് റിപ്പോർട്ട്. പ്രതി ഈ വ‌ർഷമാണ് പത്താം ക്ലാസ് പാസായത്.

ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും സംഭവ ദിവസം രാത്രി വൈകുംവരെ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ആരോപണമുണ്ട്.

അപകടത്തിന് പിന്നാലെ 17കാരന്റെ മാതാപിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ബന്ധുക്കളെ വിളിച്ചുവരുത്തിയതായി പൊലീസ് അറിയിച്ചു.
മേയ് 19ന് പിതാവ് സമ്മാനിച്ച പോർഷെ കാർ അതിവേഗത്തിലോടിച്ച 17കാരനാണ് പൂനെയിൽ അപകടമുണ്ടാക്കിയത്. യുവ എൻജിനിയർമാരായ രണ്ടുപേരാണ് മരിച്ചത്. പിന്നാലെ 17കാരന് വിചിത്ര ഉപാധികളോടെ ജാമ്യം അനുവദിച്ചതും പ്രതിയെ രക്ഷിക്കാൻ ഡോക്ടർമാർ ഉൾപ്പെടെ കൂട്ടുനിന്നതും വാർത്തയായിരുന്നു. ഇതോടെ 17കാരന്റെ ജാമ്യം റദ്ദാക്കി. കേസിൽ 17കാരന്റെ പിതാവും മുത്തച്ഛനും അമ്മയും ഉൾപ്പെടെ അറസ്റ്റിലാവുകയുംചെയ്തു.

പൂനെ അപകടം:

മദ്യപിച്ചിരുന്നെന്ന് പ്രതി

അതിനിടെ, അപകട സമയത്ത് താൻ മദ്യപിച്ചിരുന്നുവെന്ന് പൂനെ പോർഷെ അപകടത്തിലെ പ്രതിയായ 17കാരൻ മൊഴി നൽകിയതായി റിപ്പോർട്ട്. ആ സമയം നടന്ന സംഭവങ്ങൾ പൂർണമായി ഓർക്കുന്നില്ലെന്നും

ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ഇതിനിടെ പ്രതിയുടെ മാതാപിതാക്കളെ അഞ്ച് വരെ കസ്റ്റഡിയിൽ വിട്ടു. മകന്റെ രക്ത സാമ്പിളിൽ കൃത്രിമം കാട്ടിയതിന് ഇരുവർക്കും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. അമ്മ ശിവാനി അഗർവാളിനെ ജൂൺ ഒന്നിനാണ് അറസ്റ്റ് ചെയ്‌തത്. തെളിവ് നശിപ്പിച്ചതിനും കുറ്റമേറ്റെടുക്കാൻ ഡ്രൈവറെ പ്രേരിപ്പിച്ച സംഭവത്തിലും പിതാവ് വിശാൽ അഗർവാളിനെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.