
മമ്മൂട്ടിയുടെ ആക്ഷൻ എന്റർടെയ്‌നർ ടർബോ മേയ് 23നാണ് തീയേറ്ററുകളിലെത്തിയത്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്‌തത്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്. കേരളത്തിൽ 400 ലധികം കേന്ദ്രങ്ങളിലാണ് സിനിമ റിലീസ് ചെയ്തത്.
മാസ് ആക്ഷനും ചേസിംഗ് സീനുകളുമായി മമ്മൂട്ടി ചിത്രത്തിൽ നിറഞ്ഞാടിയിരുന്നു. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രകടനവുമായി ചിത്രം തിയേറ്ററിൽ മുന്നേറുന്നതിനിടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ടർബോയിലെ ഏറ്റവും പ്രധാനപ്പെട്ട ഫെെറ്റ് സ്വീക്വൻസ് നടന്നത് പൊലീസ് സ്റ്റേഷനിൽ ആയിരുന്നു. ഈ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. തോക്ക് കൊണ്ട് ആഭ്യാസം കാണിക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. ഇതെല്ലാം ഡ്യൂപ്പാണ് ചെയ്തതെന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള ഒരു മറുപടി കൂടിയാണ് ഈ മേക്കിംഗ് വീഡിയോ. വീഡിയോയിൽ മാസ് ആക്ഷൻ രംഗങ്ങൾ അനായാസമായി ചെയ്യുന്ന മമ്മൂട്ടിയെയും കാണാം.
#Turbo Police Station Fight BTS 👊🔥
— Friday Matinee (@VRFridayMatinee) June 2, 2024
Mammukka 💥🔥
pic.twitter.com/z5DsVeXfGC
മിഥുൻ മാനുവൽ തോമസേ ആണ് രചന. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ബിഗ് ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിന് ക്രിസ്റ്റോ സേവ്യർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രഫി. വിഷ്ണു ശർമ്മ ആണ് ഛായാഗ്രഹണം. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോ പറയുന്നത്. മമ്മൂട്ടിയാണ് ജോസിനെ അവതരിപ്പിക്കുന്നത്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ചുനിൽക്കുന്ന ചിത്രം എഴുപത് കോടി അടുപ്പിച്ച് ഇതിനോടകം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്.
മമ്മൂട്ടിയെ കൂടാതെ കന്നട താരം രാജ് ബി. ഷെട്ടി, തെലുങ്ക് നടൻ സുനിൽ, ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ് എന്നിവർ ടർബോയിൽ അണിനിരക്കുന്നു. സുനിലും കബീർ ദുഹാൻ സിംഗും ആദ്യമായാണ് മലയാള സിനിമയിൽ അഭിനയിക്കുന്നത്. അപർണ ബാലമുരളിക്കൊപ്പം രാജ് ബി ഷെട്ടി മറ്റൊരു ചിത്രത്തിൽ നേരത്തെ അഭിനയിച്ചെങ്കിലും ഇനിയും റിലീസ് ചെയ്‌തിട്ടില്ല. ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ് , നിരഞ്ജന അനൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.